കോഴിക്കോട്: കുഞ്ഞു കൈകളിൽ ഓടക്കുഴലുമായി വാർമുടിക്കെട്ടിൽ മയിൽപ്പീലി വച്ച് കള്ളച്ചിരിയുമായ് കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും നഗരവീഥികൾ കീഴടക്കും. അമ്പാടിക്കണ്ണൻമാരും ഗോപികമാരും നിറഞ്ഞ നഗരവീഥികളും ക്ഷേത്രമുറ്റങ്ങളും ഭക്തമനസുകളിൽ ആനന്ദക്കാഴ്ചയൊരുക്കും. നാടെങ്ങും ഉണ്ണിക്കണ്ണനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വർണ്ണശബളമായ ഘോഷയാത്രകളാണ് ജില്ലയിൽ അരങ്ങേറുക.
ബാലഗോകുലം ജില്ലയിൽ ആയിരം ശോഭായാത്രകളാണ് സംഘടിപ്പിക്കുന്നത്. മുഴുവൻ ആഘോഷങ്ങളിലും വയനാട് പുനരധിവാസത്തിന്റെ ഭാഗമായി സ്‌നേഹനിധി സമർപ്പണം നടത്തും. പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന 'പുണ്യമീ മണ്ണ്; പവിത്രമീ ജന്മം' എന്നതാണ് ശ്രീകൃഷ്ണ ജയന്തി സന്ദേശം. നഗരത്തിൽ വെള്ളയിൽ തൊടിയിൽ ഭഗവതി ക്ഷേത്രം, അഴകൊടി ദേവീക്ഷേത്രം,എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രം, ആഴ്ചവട്ടം ഹിന്ദു സേവാ സമിതി, പന്നിയങ്കര ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്രകൾ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് മഹാശോഭായാത്രയായി മുതലക്കുളം അന്നപൂർണ്ണേശ്വരീ ക്ഷേത്രപരിസരത്ത് ഒരുക്കുന്ന അമ്പാടിയിൽ പ്രസാദ വിതരണത്തോടെ സമാപിക്കും.
പെരുമണ്ണ 14 പ്രാദേശിക ശോഭായാത്രകൾ പെരുമണ്ണ ക്രഷറിന്റെ സമീപത്ത് എത്തിച്ചേർന്ന് മഹാശോഭായാത്രയായി പെരുമണ്ണ അങ്ങാടിയിൽ കൂടി പെരുമണ്ണ മില്ലിനടുത്തു നിന്ന് തിരിച്ച് പെരുമണ്ണ യു.പി. സ്‌ക്കൂളിൽ സമാപിക്കും.
പാലാഴി, പയ്യടിമേത്തൽ ഭാഗങ്ങളിലെ എട്ട് പ്രാദേശിക ശോഭായാത്രകൾ വടക്കേ ചാലിൽ റോഡിൽ മഹാ ശോഭായാത്രയായി പാലാഴി , പാല വഴി പാലാഴി ബൈപ്പാസിൽ നിന്നും തിരിച്ച് പാലാഴിമഠം വിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും. കുന്നത്തുപാലം ഒളവണ്ണ മേഖലയിൽ 18 പ്രാദേശിക ശോഭായാത്രകൾ മാത്തറ എത്തി മഹാശോഭായാത്രയായി കുന്നത്തുപാലം വഴി പാലകുറുംബ ക്ഷേത്രത്തിൽ സമാപിക്കും. കോവൂർ വിഷ്ണുക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര മെഡിക്കൽ കോളേജ് വഴി കോവൂരിൽ സമാപിക്കും. മുണ്ടിക്കൽ താഴത്തു നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ചെലവൂരിൽ സമാപിക്കും.
വെള്ളിപറമ്പിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ചെലവൂരിലും ,കുരുവട്ടൂർ ശ്രീ പുല്ലാട്ട് ഭഗവതി ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന പ്രധാനശോഭായാത്ര പൊട്ടം മുറി ജംഗ്ഷനിൽ പടിഞ്ഞാറ്റുമുറി ശ്രീ കൊളായിൽ ഭദ്രകാളിക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭയാത്രയുമായും, മല്ലിശ്ശേരി താഴത്ത് എത്തുമ്പോൾ ചെറുവറ്റ മഠത്തിൽ കുന്നുമ്മൽ മഹാവിഷ്ണുക്ഷേത്ര പരിസര ത്തുനിന്ന് ആരംഭിക്കുന്ന ശോഭയാത്രയുമായും പറമ്പിൽ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുമ്പോൾ കിരാലൂർ കരമ്പയിൽ മുക്കിൽ നിന്നും ആരംഭിക്കുന്ന ശോഭയാത്രയുമായും കൂടിച്ചേർന്ന് മഹാശോഭയാത്രയായി പറമ്പിൽ ബസാർ അമ്പാടിയിൽ പ്രസാദ വിതരണത്തോടെ സമാപിക്കും.
മലാപ്പറമ്പ് വനിതാ പോളിടെക്‌നിക് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ശോഭയാത്ര പാറോപ്പടി വഴി വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠത്തിലും പിലാഞ്ചേരി പൊയിലിൽ ഭഗവതി കാവിൽ നിന്ന് ആരംഭിക്കുന്ന ശോഭയാത്ര കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രത്തിലും സമാപിക്കും.