1

കോഴിക്കോട്: 'ഠോ..." മിഠായിത്തെരുവിലെ കാഴ്ചകളൊക്കെ കണ്ട് നടക്കുന്നതിനിടെ പെട്ടെന്ന് ഇങ്ങനെയൊരു ശബ്ദം കേൾക്കാത്തവരായി ആരും കാണില്ല. കടകളിലേക്ക് ആളുകളെ ആകർഷിക്കുന്ന ശബ്ദമാണിത്. തൊഴിലാളികൾ ശബ്ദമുണ്ടാക്കിയും കൈയിലുള്ള പ്ലാസ്റ്റിക് സാധനങ്ങൾ കൂട്ടിയടിച്ചുമാണ് ഇത്തരത്തിൽ ശ്രദ്ധയാകർഷിക്കുന്നത്. ഇതിലും നടന്നില്ലെങ്കിൽ ആളുകളെ തടഞ്ഞുനിറുത്തിയും ദ്വയാർത്ഥ പ്രയോഗത്തിലൂടെയും കടകളിലേക്ക് വിളിച്ചുകയറ്റും.

ഇത്തരം മോശം ഇടപെടലുകളെക്കുറിച്ച് ഒരു സ്ത്രീ സമൂഹമാദ്ധ്യമത്തിൽ പ്രതികരിച്ചതിനെത്തുടർന്ന് ഇങ്ങനെയുള്ള വിളികൾ വേണ്ടന്ന് പൊലീസ് നിർദ്ദേശം നൽകിയിരുന്നു. ആളുകളെ തോന്നുംപോലെ വിളിക്കരുതെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നുമാണ് പൊലീസ് മുമ്പ് അറിയിച്ചിട്ടുള്ളത്. എന്നാൽ പലരും ഇത് മറന്ന മട്ടാണ്.

ഓണമടുക്കുന്നതിനാൽ വൻതിരക്കാണ് മിഠായിത്തെരുവിൽ അനുഭവപ്പെടുന്നത്. സ്ത്രീകൾക്ക് നേരെയാണ് ഇത്തരം പ്രയോഗങ്ങൾ നടത്തുന്നത്. താരതമ്യേന പുരുഷന്മാരോട് ഉണ്ടാകാറില്ല. അശ്ലീലച്ചുവയുള്ള കമന്റുകളും പ്രത്യേക ഈണങ്ങളിലുള്ള പാട്ടുകളും പാടും. കോളേജ് വിദ്യാർത്ഥികളെ തടഞ്ഞുനിറുത്തിയാണ് കടകളിലേക്ക് വിളിക്കുന്നത്. കൈയിലുള്ള തുണികൾ നിവർത്തിപ്പിടിച്ച് വഴി തടയുന്നതും പതിവാണെന്ന് ആളുകൾ പറയുന്നു.

കർശന നടപടി

അശ്ലീലച്ചുവയുള്ള വാക്കുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസും പറയുന്നുണ്ട്. ഇത് തെരുവിലേക്ക് എത്തുന്നവരെ അകറ്റുമെന്നും അവർ പറഞ്ഞു. തുടർന്നാണ് നടപടി ശക്തമാക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളെടുത്തെന്ന് ടൗൺ പൊലീസ് അറിയിച്ചു. ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. മുൻപത്തതിനേക്കാൾ ഇത്തരം പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

ഓണത്തോടനുബന്ധിച്ച് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മീറ്റിംഗ് നടന്നിരുന്നു. അതിന്റെ ഭാഗമായി കടകളിൽ നിൽക്കുന്നവരെ ബോധവത്കരിച്ചു. വിശദമായ മീറ്റിംഗ് ഉടൻ ഉണ്ടാവും.

-ജിതേഷ്.പി,

സി.ഐ, ടൗൺ സ്റ്റേഷൻ