വടകര: എടോടിയിൽ നഗരസഭ പണികഴിപ്പിച്ച പുതിയ കാര്യാലയം പ്രവർത്തനക്ഷമമാകാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നു. പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഇതിലൂടെ മുനിസിപ്പാലിറ്റിക്ക് ഉണ്ടാകുന്നത്. പുതിയ കെട്ടിടത്തിന്റെ സ്ട്രക്ചർ മാത്രമാണ് പൂർത്തിയായത്. ഓഫീസ് മാറ്റത്തിനായുള്ള ഇന്റീരിയർ പ്രവൃത്തികൾ ഒന്നും നടന്നിട്ടില്ല.
ലോൺ എടുത്താണ് കെട്ടിടത്തിന്റെ നിർമ്മാണം നടത്തിയത്. തുടർപ്രവൃത്തികൾക്ക് പുതിയ ലോൺ ലഭിക്കണമെങ്കിൽ എടുത്ത ലോണിലേക്ക് തിരിച്ചടവ് നടത്തണം. ഇതുവരെ തിരിച്ചടവ് ആരംഭിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. താഴത്തെ നിലയിൽ വ്യാപാര കേന്ദ്രളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ പണി പൂർത്തിയായെങ്കിലും വ്യാപാരികളെ ആകർഷിക്കാൻ കഴിയാത്തതാണ് പ്രധാന തടസം. അഞ്ചുതവണ ലേലം സംഘടിപ്പിച്ചെങ്കിലും ആരുമെത്തിയില്ല. കഴിഞ്ഞ മാസം ഇളവ് വ്യവസ്ഥ മുന്നോട്ട് വച്ചതോടെ ചില വ്യാപാരികൾ മുറികളെടുക്കാൻ തയ്യാറായിട്ടുണ്ട്. നഗരത്തിന്റെ ഉൾഭാഗത്തായതും ഉയർന്ന നിരക്കുമാണ് വ്യാപാരികളെ പിന്നോട്ടടിക്കുന്നത്. ദേശീയപാതാ വികസനവുമായും മറ്റും നഗരത്തിൽ നിലനിൽക്കുന്ന കച്ചവടമാന്ദ്യവും വ്യാപാരികൾ ഇവിടേക്ക് വരാതിരിക്കാനുള്ള മറ്റൊരു കാരണയായി പറയുന്നു.
മുടക്കിയത് കോടികൾ
മുനിസിപ്പൽ ഓഫീസ് പ്രവർത്തനമാരംഭിച്ചാൽ വ്യാപാരികൾ ഇവിടേക്കെത്തും. എന്നാൽ കെട്ടിടം ഒരുക്കാൻ പണമില്ലാത്തതിനാൽ അതും നടക്കുന്നില്ല. കോടികളാണ് പദ്ധതിക്കായി മുടക്കിയത്. കാലപ്പഴക്കം, സ്ഥലപരിമിതി എന്നിവയാൽ വീർപ്പുമുട്ടിയാണ് നിലവിലെ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതിൽ ജനങ്ങൾക്കിടയിലും അസംതൃപ്തി പുകയുന്നുണ്ട്.