ബേപ്പൂർ: ബി.സി റോഡിലെ മിനി സ്റ്റേഡിയത്തിന് സമീപം റോഡരികിൽ കാടുമൂടിക്കിടക്കുന്ന കിണറും പരിസരവും പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. 35 വർഷമായി ഈ കിണർ പൂർണമായും ഉപേക്ഷിച്ച നിലയിലാണ്. കിണറിലും പരിസരത്തെ കാടിനുള്ളിലും വിഷപാമ്പുകളെ കണ്ടിട്ടുള്ളതായി നാട്ടുകാർ പറയുന്നു. 20 അടിയോളം താഴ്ചയുള്ള കിണറിൽ ഇപ്പോഴും ശുദ്ധജലമാണെന്നാണ് നാട്ടുകാർ പറയുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഹാർബറിലേക്ക് ഈ കിണറിലെ വെള്ളം ഉപയോഗിച്ചുകൂടെ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കാട് വെട്ടിത്തളിച്ച് കിണർ നവീകരിച്ചാൽ മത്സ്യബന്ധന ഹാർബറിലെ കുടിവെള്ള വിഷയത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന അഭിപ്രായമുയരുന്നുണ്ട്. നിലവിൽ ദൂരസ്ഥലങ്ങളിൽ നിന്ന് ടാങ്കർ ലോറികളിലാണ് ബോട്ടിലേക്ക് ആവശ്യമായ കുടിവെള്ളമെത്തിക്കുന്നത്. ആഴ്ചയിൽ ഒരു ബോട്ടിന് 5,000 ലിറ്റർ കുടിവെള്ളം ആവശ്യമുള്ളപ്പോഴാണ് കുടിവെള്ള സ്രോതസ്സായ ഇത്തരം ശുദ്ധജല കിണറുകൾ നശിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കിണറിന് മുകളിൽ ഗ്രിൽ സ്ഥാപിച്ചതല്ലാതെ പിന്നിട് ആരും തിരിഞ്ഞു നോക്കിയിട്ടില്ല.