കോഴിക്കോട്: ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. മത്സ്യലഭ്യതക്കുറവ് ജില്ലയിലെ വലിയൊരു ഭാഗം തൊഴിലാളികളെയും തളർത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ബോട്ടുകൾ പെയർ ട്രോളിംഗ് വഴി മീൻ പിടിക്കുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇരട്ടി പ്രഹരമാകുന്നത്. ഇത്തരത്തിലുള്ള മത്സ്യബന്ധനം ചെറിയ മീനുകളെ വരെ വാരിയെടുക്കാൻ ഇടയാക്കും. പെയർ ട്രോളിംഗ് പാടില്ലെന്ന നിയമം നിലനിൽക്കേയാണിത്.

സ്വദേശികളും പെയർ ട്രോളിംഗിന് നിർബന്ധിതരാവുകയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. സംസ്ഥാനത്താകെ 44,000 രജിസ്റ്റർ ചെയ്ത വള്ളങ്ങളാണുള്ളത്. ജില്ലയിൽ 5,000ൽ താഴെ രജിസ്റ്റർ ചെയ്ത വള്ളങ്ങളും 500ൽ താഴെ രജിസ്റ്റർ ചെയ്യാത്ത വള്ളങ്ങളുമുണ്ട്. (ചെറിയ, വലിയ ബോട്ടുകൾ, 40 പേർ വരെ ജോലി ചെയ്യുന്ന വള്ളങ്ങൾ, ചെറുതോണികൾ എന്നിവ ഉൾപ്പെടെയാണിത്). കടലിൽ അപകടമുണ്ടായാൽ ഓടിയെത്തേണ്ട ജില്ലയിലെ മറൈൻ ആംബുലൻസുകളും പ്രവർത്തനരഹിതമാണ്. അപകടത്തിൽപ്പെടുന്നവരെ മത്സ്യത്തൊഴിലാളികൾ തന്നെയാണ് രക്ഷിച്ച് കരയ്ക്കെത്തിക്കുന്നത്.

ഇൻഷ്വറൻസ് കിട്ടില്ല

അപകടത്തിൽ മരണമുണ്ടായാൽ ഇൻഷ്വറൻസ് കിട്ടുന്നതും പ്രയാസമാണ്. കടലിൽ വച്ച് കുഴഞ്ഞുവീണാൽ ആശുപത്രിയിലെത്തിക്കാൻ വൈകും. ഇതുകാണമാണ് പല മരണങ്ങളും സംഭവിക്കുന്നത്. എന്നാൽ കടലിൽ വീണുള്ള അപകടങ്ങൾക്കാണ് ഇൻഷ്വറൻസ് കിട്ടുക.

12 നോട്ടിക്കൽ മൈലിനപ്പുറത്ത് കടലിൽ നടക്കുന്ന കാര്യങ്ങൾക്ക് പൊലീസിനോ സർക്കാരിനെ ഇടപെടാനാവില്ല. പെയർ ട്രോളിംഗ് നടത്തുന്നത് ഇതിനപ്പുറത്താണ്. രാവിലെ അഞ്ചിന് തുടങ്ങി രാത്രി ഏഴിനാണ് മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചു വരുന്നത്. ഈ സമയത്ത് ഹാർബറിൽ ഉദ്യോസ്ഗസ്ഥർ ഉണ്ടാവില്ല. ഇതാണ് ഇവർക്ക് കൂടുതൽ സൗകര്യമാവുന്നത്. ഇത്തരം പ്രവൃത്തികൾ നിരീക്ഷിക്കാൻ ആളുവേണം.

-പീതംബരൻ,

ബി.എം.പി.എസ്

സംസ്ഥാന പ്രസിഡന്റ്

ഫിഷറീസ് ഡി.ഡി ഓഫീസ് മാർച്ച് ഇന്ന്

നിരോധിത പെയർ ട്രോളിംഗ് അവസാനിപ്പിക്കുക, മത്സ്യ തൊഴിലാളി ക്ഷേമനിധി വിഹിതം 100 രൂപ 300 രൂപയാക്കി വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക, മത്സ്യബന്ധനയാനങ്ങളുടെ ലൈസൻസ് ഫീസ് പത്തിരട്ടിയാക്കിയ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെ രാവിലെ 10.30ന് ജില്ലാ ഫിഷറീസ് ഡി.ഡി ഓഫീസിലേക്ക് ബി.എം.പി.എസ് മാർച്ച് നടത്തും.