രാമനാട്ടുകര: ഒരു ഇടവേളയ്ക്കുശേഷം രാമനാട്ടുകരയിലും സമീപപ്രദേശങ്ങളിലും വയൽ മണ്ണിട്ട് നികത്തുന്നു. രാമനാട്ടുകര ബസ് സ്റ്റാൻഡിനു പിന്നിലെ വയൽ കഴിഞ്ഞ ദിവസം മണ്ണിട്ട് നികത്തുന്നത് വില്ലേജ് ഓഫീസർ സി.കെ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ അധികൃതർ തടഞ്ഞിരുന്നു. രാമനാട്ടുകര അങ്ങാടിയിൽ നിന്ന് മഴക്കാലത്ത് മഴവെള്ളം ഒഴുകിയെത്തുന്നത് ഈ വയലിലേക്കാണ്. അങ്ങാടിയെ വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കുന്നത് ഈ വയലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മണ്ണിടാൻ തുടങ്ങിയത്. ലോഡുകണക്കിന് ചുവന്ന മണ്ണാണ് ഇവിടെ നിറച്ചത്. എൻ.എച്ച് ഹോമിയോ റോഡരികിൽ മണ്ണ് പരന്നത് കണ്ട നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ബസ് സ്‌റ്റാൻഡ് മതിലിനോട് ചേർന്ന വയലിൽ മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നാട്ടുകാർ വില്ലേജ് ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. വില്ലേജ് അധികൃതർ തഹസിൽദാർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. ഇതിനടുത്താണ് രാമനാട്ടുകര മിനി സ്റ്റേഡിയത്തിനായി മുൻസിപ്പാലിറ്റി വിലകൊടുത്തു വാങ്ങിയ രണ്ടേക്കറിലധികം സ്ഥലമുള്ളത്. മണ്ണിടാൻ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് സ്റ്റേഡിയം നിർമ്മാണം നീളുന്നത് അധികൃതരെ വലയ്ക്കുന്നതിനിടെയാണ് അനധികൃതമായി രാത്രിയുടെ മറവിൽ വയൽ മണ്ണിട്ട് നികത്തുന്നത്. ഓണം അവധിയിൽ സർക്കാർ ഓഫീസുകളും കോടതിയും ഇല്ലാതിരിക്കുമ്പോൾ വ്യാപകമായി വയലുകൾ മണ്ണിട്ട് നികത്താൻ സാദ്ധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ഇത്തരത്തിൽ മണ്ണിട്ട് നികത്തിയ പല വയലുകളും പറമ്പുകളായി. അവിടങ്ങളിൽ കെട്ടിടങ്ങളും ഉയർന്നിട്ടുണ്ട്.
അനുഭവങ്ങളിൽ നിന്ന് മനുഷ്യർ പാഠം ഉൾക്കൊള്ളുന്നില്ല എന്നതാണ് രാമനാട്ടുകരയിലെ ഈ സംഭവത്തിലൂടെ മനസിലാക്കേണ്ടത്. പ്രകൃതിയുടെ തിരിച്ചടി ഇനിയും പ്രതീക്ഷിക്കാം.
-വിനു ഭാരത്,
സോപാന സംഗീതജ്ഞൻ,
ഗാന്ധിയൻ ഫോക്കസ് രാമനാട്ടുകര