കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നൽകിയ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റാത്തവരെ തത്‌സ്ഥാനങ്ങളിൽ നിന്ന് നീക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പാർട്ടിയിൽ പെർഫോമൻസ് ഓഡിറ്റിംഗ് കർശനമായി നടപ്പിലാക്കും. പ്രവർത്തന ക്ഷമതയായിരിക്കും ഭാരവാഹിത്വത്തിനുള്ള മാനദണ്ഡം. വിജയ സാദ്ധ്യത വിലയിരുത്തിയാകും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. എൽ.ഡിഎഫ് സർക്കാർ അഴിമതികളുടെ കേന്ദ്രമായി മാറി. തദ്ദേശ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ് കൊണ്ടുവന്ന പഞ്ചായത്തീരാജ് സമ്പ്രദായം കേരളത്തിലെ ഇടതു സർക്കാർ തകർത്തു. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ എൽ.ഡി.എഫ് സർക്കാരിനെ പരാജയപ്പെടുത്തുകയും വർഗീയ ശക്തിയായ ബി.ജെ.പിയെ പ്രതിരോധിക്കുന്നതുമാവണം കോൺഗ്രസുകാരന്റെ അജൻഡയെന്നും അവർ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.ജയന്ത്, അഡ്വ. പി.എം.നിയാസ്, എൻ.സുബ്രഹ്മണ്യൻ, കെ.സി.അബു, കെ.ബാലനാരായണൻ, പി.എം.അബ്ദുറഹിമാൻ, ചോലക്കൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലങ്ങളിലും തദ്ദേശ സ്ഥാപനങ്ങളിലുമുള്ള നേതാക്കൾ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കമ്മിറ്റികൾക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി അടിച്ചു നൽകുന്ന മിനുട്ട്‌സ് ബുക്ക് ദീപാദാസ് മുൻഷി വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷീബ ചെരണ്ടത്തൂരിന് നൽകി പ്രകാശനം ചെയ്തു.