ഏഴുവർഷങ്ങൾക്കു മുമ്പാണ് മലയാള സിനിമ മേഖലയിൽ ആണധികാരത്തിനെതിരെ പ്രതിഷേധത്തിന്റെ കുന്തമുനയുമായി നടിമാരുടെ കൂട്ടായ്മയായ വിമൻസ് ഇൻ സിനിമ കളക്ടീവ് (ഡബ്ല്യൂ.സി.സി) രൂപീകരിക്കുന്നത്. സ്വിച്ച് ഓഫാക്കിയാൽ നിന്നുപോകുന്നൊരു ഫാൻ കാറ്റെന്നായിരുന്നു അന്ന് അമ്മ സംഘടനയുടെ വിശേഷണം. പക്ഷെ ആ ഫാൻ ശബ്ദം പിന്നീടൊരു കൊടുങ്കാറ്റായി മാറി. സിനിമയിലെ വൻമരങ്ങളെല്ലാം അവരുടെ പ്രഹരമുണ്ടാക്കിയ കൊടുങ്കാറ്റിൽ പിഴുതെറിയപ്പെട്ടപ്പോൾ ഗത്യന്തരമില്ലാതെ അമ്മയെന്ന വാത്സല്യ നാമത്തിന്റെ പിറകിലൊളിച്ച സംഘടന തന്നെ പിരിച്ചു വിടേണ്ട അവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങളെത്തി. അതിന് തുടക്കം അമ്മ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖിന്റെ രാജിയിൽ നിന്നായിരുന്നു. തൊട്ടുപിന്നാലെ സിനിമാ മേഖലയിലെ തലതൊട്ടപ്പനായ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിന്റെ രാജി, തുടർന്ന് മുകേഷ് എം.എൽ.എ, ജയസൂര്യ, ബാബുരാജ്, ഇടവേള ബാബു, മണിയൻപിള്ള രാജു തുടങ്ങി സംഘടനയുടെ സ്ഥാപകരടക്കമുള്ളവരുടെ പേരിൽ ഒഴുകിയെത്തിയ പരാതികൾ. വിവാദം കൊടുമ്പിരി കൊണ്ടസാഹചര്യത്തിൽ ഒളിക്കാൻ ഇനി മാളങ്ങളേതുമില്ലെന്നറിഞ്ഞാണ് അമ്മയുടെ പ്രസിഡന്റായിരുന്ന മോഹൻലാൽ ഉൾപ്പെടെയുള്ളവർ സംഘടനയിൽ നിന്നു രാജി വയ്ക്കേണ്ടി വന്നത്. ഇനി ആരെയെങ്കിലും നേതൃത്വം ഏൽപിച്ചാൽ നാളെ അവർക്കുമെതിരെ പരാതികൾ ഒഴുകാമെന്ന പേടി. ഒടുക്കം വിമൻസ് ഇൻ സിനിമ കളക്ടീവും പിന്നാലെ ഹേമകമ്മറ്റിയും തൊടുത്തുവിട്ട കൊടുങ്കാറ്റിൽ പിടിച്ച് നിൽക്കാനാവാതെ ആടിയുലയുകയാണ് സിനിമാ മേഖല ഒന്നടങ്കം.
സ്ത്രീയും സിനിമയും
മലയാള സിനിമയിലെ സ്ത്രീകൾ പൊതുവെ ആണധികാരത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു. ആണധികാരത്തിന്റെ കരുത്ത് ഉയർത്തി കാണിക്കുന്ന പുരുഷ കഥാപാത്രങ്ങൾ സിനിമയിലേത് പോലെ തന്നെ സിനിമയ്ക്ക് പുറത്തും നിലനിൽക്കുന്നു. രാത്രിയിൽ കയറി വരുമ്പോൾ കാലു മടക്കി തൊഴിക്കാനും കുട്ടികളെ പെറ്റു പോറ്റി വളർത്താനുമൊക്കെയുള്ളതാണ് എന്ന തരത്തിലുള്ള വിവക്ഷകൾ ഇന്നും സിനിമയിൽ പ്രകടമാണെന്നതിന്റെ നേർചിത്രം കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വരച്ചു കാട്ടുന്നത്.
സിനിമയിൽ അഭിനയിക്കുന്നവരോടും സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടെയുള്ളവരോട് എത്രകണ്ട് മോശമായാണ് ഇടപ്പെടുന്നത് എന്ന് കാണിച്ചു തന്ന റിപ്പോർട്ട് കൂടിയാണിത്. നഗ്നമായ തൊഴിൽ ചൂഷണം, ലൈംഗികമായി ഉപയോഗപ്പെടുത്തൽ, വഴങ്ങാത്തവർക്ക് തൊഴിൽ നിഷേധം, വേതനത്തിലെ ഭീമമായ അന്തരം തുടങ്ങി ഒരു പുരുഷാധിപത്യം സ്ത്രീയെ ഉപയോഗപ്പെടുത്തുന്നതിന്റെ എല്ലാതരം സാദ്ധ്യതകളും നടപ്പായ ഇടമാണ് സിനിമയെന്ന് തെളിയുകയാണ്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഉറപ്പാണ്. ഇത് സമഗ്രമല്ല പൂർണവും.
സ്ത്രീകളുടെ തുല്യനീതിയ്ക്കായി
2017 ൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് രൂപംകൊണ്ട ഡബ്ല്യൂ. സി.സി, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെ തുടർന്നാണ് ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. സ്ത്രീകളുടെ തുല്യനീതി മുൻനിറുത്തി നിരന്തരമായ ആവശ്യങ്ങൾക്കൊടുവിലാണ് 2017 നവംബർ 16 ന് സർക്കാർ കമ്മറ്റി രൂപീകരിച്ചത്. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയും അഭിനേത്രി ശാരദ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവർ അംഗങ്ങളുമായ കമ്മറ്റി 2019 ഡിസംബർ 31 ന് പഠന നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നു. പിന്നീട് നാലര വർഷത്തോളം സർക്കാർ പല കാരണങ്ങളാൽ റിപ്പോർട്ട് പുറത്തുവിട്ടിരുന്നില്ല. പിന്നീട് വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തെത്തുകയായിരുന്നു.
ഗുരുതരമാകുന്ന റിപ്പോർട്ട്
ഇക്കഴിഞ്ഞ ആഗസ്റ്റ് 19 നാണ് റിപ്പോർട്ട് പുറത്തായതെങ്കിലും പൂർണ്ണമായിരുന്നില്ല, 113 ഖണ്ഡികയോളം ഒഴിവാക്കിയ ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്ത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷവും മലയാള സിനിമയിൽ പലതും ചീഞ്ഞുനാറുന്നുണ്ട് എന്നതിന്റെ തെളിവാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ച് അടക്കം ലൈംഗികചൂഷണങ്ങളുണ്ടെന്ന വെളിപ്പെടുത്തലുകൾ റിപ്പോർട്ടിൽ പറയുന്നു. ഇത്തരം സംഭവങ്ങൾ ഡബ്ല്യൂ.സി.സിയിലെ അംഗങ്ങളുൾപ്പെടെ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. സിനിമയിൽ അവസരം നൽകുന്നതിനു പകരം മറ്റു പല ആവശ്യങ്ങളും ചോദിക്കുന്നത് പതിവാണെന്നും ഇതിനായി ഇടനിലക്കാർ ഒട്ടേറെയുണ്ടെന്നും വിവിധ മൊഴികൾ റിപ്പോർട്ടിൽ പറയുന്നു. ഒറ്റയ്ക്ക് ഹോട്ടൽ മുറിയിൽ കഴിയാൻ ഭയമാണെന്നതടക്കമുള്ള കാര്യങ്ങളും ചില നായികമാർ മൊഴിയായി നൽകി. പുരുഷന്മാർ രാത്രി മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. വാതിൽ തകർത്ത് ഇവർ അകത്തുകടക്കുമോയെന്ന ഭയത്തിലാണ് കിടക്കുന്നതെന്നുമാണ് പലരുടെയും മൊഴികൾ. സിനിമയിൽ അവസരം ലഭിക്കാൻ 'അഡ്ജസ്റ്റ്‌മെന്റും വിട്ടുവീഴ്ചയും' ചെയ്യണമെന്ന പ്രയോഗം സിനിമയിൽ സാധാരണമാണെന്നും റിപ്പോർട്ടിൽ പറയുന്നു. താത്പര്യമില്ലെങ്കിൽ പോലും നിർബന്ധം തുടരും. സഹകരിക്കുന്നവരെ 'കോഓപ്പറേറ്റിങ് ആർട്ടിസ്റ്റ്' എന്ന് പേരിട്ടു വിളിക്കും. സഹകരിക്കാൻ തയാറാകാത്തവരെയും പ്രശ്നങ്ങൾ തുറന്നുപറയുന്നവരെയും പ്രശ്നക്കാരെന്ന് മുദ്രകുത്തി സിനിമയിൽനിന്ന് മാറ്റി നിറുത്തുകയും വിലക്കുൾപ്പെടെയുള്ള നടപടികൾക്ക് വിധേയരാക്കുകയും ചെയ്യും.ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നിയമം അനിവാര്യമാണെന്ന് ജസ്റ്റിസ് കെ.ഹേമ കമ്മിഷൻ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.
റിപ്പോർട്ടും നടപടിയും
കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇത്രയും കാലം പുറത്തു വിടാതിരുന്നതും ഗൗരവകരമാണ്. ഇരയക്കൊപ്പമാണെന്ന് സർക്കാർ കൂടെക്കൂടെ പറയുമ്പോഴും കുറ്റക്കാർക്കൊപ്പമുള്ള നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. ഇത്രയേറെ ആരോപണങ്ങൾ ഉയരുമ്പോഴും പലതും അന്വേഷിക്കാൻ തയ്യാറാവുന്നില്ല. ദിവസങ്ങൾ കഴിയുംതോറും ആരോപണം ഉന്നയിക്കുന്നവരുടെയും കുറ്റം ആരോപിക്കപ്പെടുന്നവരുടെയും എണ്ണം കൂടിക്കൂടി വരികയാണ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ മുൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 354 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അമ്മയുടെ ഭരണസമിതി പിരിച്ചു വിട്ടതോടെ സംഘടനയുടെ ഭാവിയും ചോദ്യചിഹ്നമായി തുടരുകയാണ്.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടനകളെയും അന്താരാഷ്ട്ര ദേശീയ സിനിമാ പ്രഗത്ഭരേയും ഉൾപ്പെടുത്തി കോൺക്ലേവ് നടത്തുമെന്നുമാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറയുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 24 നിർദ്ദേശങ്ങളും നടപ്പാക്കുമെന്ന് പറയുന്നുമുണ്ട്. ഇത് സിനിമാ മേഖലയിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. സ്ത്രീകൾ എത്തിപ്പെടുന്ന ജീവിത സാഹചര്യങ്ങളിൽ ദുർബലാവസ്ഥകളെ മുതലെടുത്ത് ലൈംഗികമായും അല്ലാതെയും തങ്ങൾക്കനൂകൂലമാക്കി മാറ്റാൻ ശേഷിയുള്ളവരുടെ കൂട്ടമാണ് ചുറ്റും. ഇനി വരുന്ന കലാകാരികൾക്കും ഇവിടെ സുരക്ഷിതമായി നിൽക്കാനും ഭയമേതും കൂടാതെ അവർക്ക് ജോലിചെയ്യാനും പറ്റണമെന്നാണ് ആക്രമിക്കപ്പെട്ടവരും അപമാനിക്കപ്പെട്ടവരും പറയുന്നത്. ഇനിയാണ് തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാവുക എന്ന് ഡബ്ല്യു.സി.സിയും വ്യക്തമാക്കുന്നു. സത്യങ്ങൾ മറനീക്കി പുറത്തുവരട്ടെ. ശാരീരികമായും മാനസികമായും ആക്രമിക്കപ്പെട്ടവർക്ക് നീതി കിട്ടട്ടെ.