s

പേരാമ്പ്ര: ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തുംപാറ വിനോദസഞ്ചാരികളുടെ പറുദീസയാണ്. ഇവിടത്തെ ഹരിതാഭമായ കുന്നുകളും മനോഹര താഴ്വാരവുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ദിവസവും നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.

എന്നാൽ പലയിടത്തും പതുങ്ങിയിരിക്കുന്ന കയങ്ങളും അടിയൊഴുക്കുകളും അപരിചിതർക്ക് പെട്ടെന്ന് ബോദ്ധ്യമാവണമെന്നില്ല. അതുകൊണ്ടു തന്നെ അത്യാഹിതങ്ങളും തുടർക്കഥയാവുകയാണ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചത് നാടിനെ നടുക്കി. തൂത്തുക്കുടിയിൽ നിന്നെത്തിയ സംഘത്തിലെ ജോർജ് ജേക്കബാണ് (20) മരിച്ചത്. സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു സംഘം. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥിരം അപകട മേഖലയായ പ്രദേശത്തെ കയത്തിൽ യുവാവ് അകപ്പെടുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർദ്ധിച്ചു വരുന്ന ടൂറിസ്റ്റുകളുടെ ബാഹുല്യം കണക്കിലെടുത്ത് കരിയാത്തുംപാറയിൽ അതിനനുസരണമായ സുരക്ഷയിലൂന്നിയ ക്രമീകരണങ്ങൾ വിപുലീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.