1
കുണ്ടുംകുഴിയുമായ മിഠായിത്തെരുവ്-മൊയ്തീൻ പള്ളി എം.പി റോഡ്

കോഴിക്കോട്: ദിവസവും നൂറുകണക്കിന് ആളുകളെത്തുന്ന മിഠായിത്തെരുവ്- മൊയ്തീൻ പള്ളി റോ‌ഡ് തകർന്നിട്ടും അനക്കമില്ലാതെ അധികൃതർ. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ഒയാസിസ് കോംപ്ലക്സിലേക്ക് പ്രവേശിക്കുന്ന മൊയ്തീൻ പള്ളി റോഡ് 20 വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയതാണ്. പിന്നീട് ഈ വഴിയ്ക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. കുണ്ടും കുഴിയുമായ നന്നേ വീതി കുറഞ്ഞ റോഡിലൂടെയാണ് പാളയത്തേക്കും ഒയാസിസ് കോംപ്ലക്സിലേക്കും വാഹനങ്ങൾ പോകുന്നത്. ഇവിടെ തന്നെയുള്ള ബേബി ബസാറിലെത്തണമെങ്കിലും ഈ റോഡുതന്നെ ശരണം. പൊട്ടിപ്പൊളിഞ്ഞ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കാൽനടയാത്രക്കാർക്കടക്കം കച്ചവട സ്ഥാപനങ്ങളിൽ പോകാനാവാത്ത സ്ഥിതിയാണ്. റോഡിനിരുവശവുമുള്ള വ്യാപാരികളും ദുരിതത്തിലാണ്. വാഹനം പോകുമ്പോൾ ചെളിവെള്ളം കടക്കുള്ളിലേക്കും യാത്രക്കാരുടെ ദേഹത്തും തെറിക്കുന്നത് മഴക്കാലത്തെ പതിവ് കാഴ്ചയാണ്. കടകൾക്കുമുന്നിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കടകളിൽ ആരും കയറാത്ത സ്ഥിതിയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.

മൊയ്തീന്‍ പള്ളി മുതൽ എസ്.എം സ്ട്രീറ്റിലെ ലാൻഡ് വേൾഡ് ബിൽഡിംഗ് വരെ ഏതാണ്ട് 500 മീറ്റർ റോഡാണ് തകർന്നു കിടക്കുന്നത്. ഈ ഭാഗങ്ങളിൽ കോർപ്പറേഷന്റെ ഡി.എൻ.ഒ ലൈസൻസുള്ള 300 ഓളം കച്ചവടക്കാരുണ്ട്. മൂന്ന് വർഷം മുമ്പ് ഈ ഭാഗത്ത് തീപിടിത്തമുണ്ടായപ്പോൾ അന്നത്തെ തുറമുഖ മന്ത്രിയായിരുന്ന അഹമ്മദ് ദേവർ കോവിൽ എം.എൽ.എ സ്ഥലം സന്ദർശിക്കുകയും റോഡിന്റെയും ഓവുചാലിന്റെയും ദയനീയ സ്ഥിതി ബോദ്ധ്യപ്പെട്ടതാണ്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ വാക്കുപാലിച്ചില്ല. പാളയത്ത് നിന്ന് മൊയ്തീൻ പള്ളിയുടെ മുന്നിലൂടെ എം പി റോഡിലേക്കെത്തുന്ന വാഹനങ്ങൾ ലാൻ വേൾഡ് മാളിന് അടുത്തുനിന്ന് തിരിച്ച് വരുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതും പതിവാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യവുമായി മേയർ, കോർപ്പറേഷൻ സെക്രട്ടറി, കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, കൗൺസിലർ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.

'' റോഡിന്റെ ശോചനീയാവസ്ഥ മൂലം വർഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണമടക്കം പ്രതിഷേധ പരിപാടികൾ ആവിഷ്‌കരിക്കും''- അബ്ദുൾ ഗഫൂർ, നിസാർ- എം.പി റോഡ് മർച്ചന്റ് അസോ. പ്രസിഡന്റ്, സെക്രട്ടറി