കോഴിക്കോട് : വ്യാപാരികളെ പാളയത്ത് നിന്ന് ഒഴിപ്പിക്കുമെന്ന് കോർപ്പറേഷനും ഒഴിയില്ലെന്ന് കച്ചവടക്കാരും നിലപാട് കടുപ്പിച്ചതോടെ പാളയം പഴം- പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റുന്നത് അനിശ്ചിതത്വത്തിൽ. കല്ലുത്താൻ കടവിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ കച്ചവടക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. വിഷയത്തിൽ കച്ചവടക്കാരുമായി സംസാരിക്കാൻ കോർപ്പറേഷൻ ഇന്നലെ തീരുമാനിച്ച ഹിയറിംഗ് തർക്കത്തിൽ മുടങ്ങി.
വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി കച്ചവടക്കാർ ഹിയറിംഗിന് എത്തിയപ്പോൾ നേതാക്കൾക്കൊപ്പം കാണാൻ താത്പര്യമില്ലെന്ന് അറിയിച്ച ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് വ്യാപാരികളുമായി സംസാരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. എന്നാൽ ഇത് അംഗീകരിക്കാൻ വ്യാപാരികൾ തയ്യാറായില്ല. നേതാക്കളുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതിന്റെ പേരിൽ വാക്കേറ്റമുണ്ടായി. പൊലീസ് സ്ഥലത്തെത്തിയെങ്കിലും കച്ചവടക്കാരെ അനുനയിപ്പിക്കാൻ സാധിച്ചില്ല. സംഘർഷം കണക്കിലെടുത്ത് കോർപ്പറേഷൻ ഓഫീസിന് പൊലീസ് സുരക്ഷവലയം തീർത്തു. ഹിയറിംഗ് ബഹിഷ്ക്കരിച്ച വ്യാപാരികൾ കോർപ്പറേഷന് മുന്നിൽ പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ബി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
മാർക്കറ്റ് മാറ്റാൻ അനുവദിക്കില്ല
പാളയത്ത് നിന്ന് മാർക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. മാർക്കറ്റ് മാറ്റുന്നത് വ്യാപാരത്തേയും പാളയത്ത് പ്രവർത്തിക്കുന്ന മറ്റ് വ്യാപാര കേന്ദ്രങ്ങളേയും ബാധിക്കും. പഴം-പച്ചക്കറി കടകൾ ഉൾപ്പടെ 500 ഷോപ്പുകളാണ് നിലവിലുള്ളത്. നിരവധി കുടുംബങ്ങളുടെ ഉപജീവന മാർഗം ഇല്ലാതാക്കുന്ന നടപടിയിൽ നിന്ന് കോർപ്പറേഷൻ പിന്മാറണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. കോർപ്പറേഷന് കെട്ടിടവാടക നൽകിയാൽ തുച്ഛമായ പണമാണ് ബാക്കിയുണ്ടാകുക. ഈയൊരു സാഹചര്യത്തിൽ സ്വകാര്യ കമ്പനി നിശ്ചയിക്കുന്ന വാടക താങ്ങാൻ കഴിയില്ലെന്നും വ്യാപാരികൾ പറയുന്നു.
പ്രവൃത്തി അന്തിമഘട്ടത്തിൽ
കല്ലുത്താൻ കടവിലെ പുതിയ കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി അന്തിമഘട്ടത്തിലാണ്. അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് കല്ലുത്താൻ കടവ് ഡെവലപ്‌മെന്റ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. രണ്ടരലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന മാർക്കറ്റിൽ 100 ചില്ലറ വിൽപ്പനക്കാർക്കും 33 മൊത്തക്കച്ചവടക്കാർക്കും പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട്.
29 ന് പ്രതിഷേധം
''കല്ലുത്താൻകടവിലെ കെട്ടിടത്തിൽ പുതിയ വ്യാപാരികളെയാണ് എത്തിക്കേണ്ടത്. കച്ചവടക്കാരെ വ്യക്തിപരമായി വിളിച്ച് സംസാരിക്കുന്നത് ചതിയുടെ ഭാഗമാണ്. 29 ന് വ്യാപാരി വ്യവസായി ഏകോപന സമിതി, കച്ചവടക്കാർ എന്നിവരുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും''-മനാഫ് കാപ്പാട്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ്
'' കച്ചവടക്കാരുടെ യോഗമല്ല വിളിച്ചത്. ലെെസൻസുമായി ബന്ധപ്പെട്ട ഹിയറിംഗ് ആയിരുന്നു. അതിനാലാണ് കച്ചവടക്കാരെ ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ടത്. ഡിസംബറോടെ കച്ചവടക്കാരെ മാറ്റാനാണ് തീരുമാനം ''- സി.പി മുസാഫിർ അഹമ്മദ്, ഡെപ്യൂട്ടി മേയർ