മുക്കം: വിശദമായ കൂടിയാലോചനകൾക്കും പഠനത്തിനും ശേഷം ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നൽകിയ ശുപാർശയനുസരിച്ച് നഗരസഭ നടപ്പാക്കിയ പരിഷ്കരിച്ച ഗതാഗത സംവിധാനമാണ് മുക്കം നഗരത്തിൽ നിലവിലുള്ളത്. ഈ സംവിധാനം 20 മാസം പൂർത്തിയാക്കുമ്പോഴും തുടങ്ങിയിടത്തുനിന്ന് മുന്നാേട്ടു പോകാനാവാത്ത അവസ്ഥയാണ്.
പരിഷ്കാരം നടപ്പാക്കുന്നതിനു മുമ്പ് നഗരസഭ വിവിധ തൊഴിലാളി, വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് സമ്മതം വാങ്ങിയിരുന്നു. അന്നത്തെ താമരശ്ശേരി ഡിവൈ.എസ്.പിയുടെ നിർദ്ദേശത്തെത്തുടർന്നാണ് യോഗം ചേർന്നത്. പരിഷ്കരിച്ച സംവിധാനമനുസരിച്ച് ബസുകൾ അങ്ങാടിയിലൂടെ വന്ന് ബസ് സ്റ്റാൻഡിൽ പ്രവേശിച്ച ശേഷം ബൈപ്പാസ് വഴി പുറത്തേക്ക് പോകണം. പുതിയ സ്റ്റാൻഡിലേക്ക് പോകുന്ന ബസുകൾ പഴയ സ്റ്റാൻഡിനു മുന്നിലെ വീതി കുറഞ്ഞ റോഡിൽ നിറുത്താൻ പാടില്ല. മുക്കംകടവ് പാലം വഴി അങ്ങാടിയിലേക്ക് വരുന്ന വാഹനങ്ങൾ ഓർഫനേജിന് മുന്നിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാർക്കറ്റ് റോഡിലൂടെ പോകണം. ഓർഫനേജ് ജംഗ്ഷനിൽ നിന്ന് അങ്ങാടിയിലേക്കുള്ള റോഡ് വൺവേയാണ്. അങ്ങാടിയിൽ നിന്ന് പടിഞ്ഞാറോട്ടു പോകുന്ന ബസുകളല്ലാത്ത വാഹനങ്ങൾ പി.സി റോഡു വഴിയാണ് പോകേണ്ടത്. പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ അഭിലാഷ് ജംഗ്ഷൻ വരെയുള്ള മെയിൻ റോഡും വൺവേയാണ്.
ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്കുള്ള ബൈപ്പാസ്, വയലിൽ മമ്മദ് ഹാജി റോഡ്, വില്ലേജ് ഓഫീസ് റോഡിൽ നിന്ന് മാർക്കറ്റിലേക്കുള്ള മരക്കാർ ഹാജി റോഡ്, പി.സി റോഡ് എന്നിവയും വൺവേയാണ്. വൺവേ റോഡുകളുടെ തുടക്കത്തിൽ നോ എൻട്രി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വാഹനമോടിക്കുന്നവരിൽ ബഹു ഭൂരിഭാഗവും ഈ ബോർഡുകളും ഈ നിയമ ലംഘനങ്ങൾ നിയമപാലകരും കാണുന്നില്ല.
അപകടം തുടർക്കഥ
നിയമം ലംഘനം മൂലമുള്ള അപകടങ്ങൾ ഇവിടെ നിത്യസംഭവമാണ്. 14ന് വൈകിട്ട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വൺവേ നിയമം പാലിക്കാതെ വന്ന സ്കൂട്ടർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ (74 വയസുകാരനായ വ്യാപാരി) ആശുപത്രിയിൽ ചികിത്സയിലാണ്. മാർക്കറ്റ് റോഡിൽ ഇന്നലെ വൈകിട്ട് നിയമം ലംഘിച്ച് ഓർഫനേജ് ഭാഗത്തേക്കെത്തിയ കാർ വ്യാപാരിയെ ഇടിക്കുകയും തുടർന്ന് ജനക്കൂട്ടം നടത്തിയ പ്രതിഷേധത്തിൽ കാറിന് കേടുപാടും ഓടിച്ചയാൾക്ക് പരിക്കും സംഭവിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കൊണ്ടുന്ന ഗതാഗത നിയമം നടപ്പാക്കാൻ നഗരസഭയും പൊലീസും ആരെയാണ് ഭയക്കുന്നതെന്ന ചോദ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.