കോഴിക്കോട്: മുത്തങ്ങ ദേശീയ പാത വികസനത്തിനുള്ള പദ്ധതി തയ്യാറാക്കൽ വേഗത്തിലാക്കാൻ സംസ്ഥാനം ഇടപെടും. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
മലാപ്പറമ്പ്- പുതുപ്പാടി, പുതുപ്പാടി- മുത്തങ്ങ എന്നീ രണ്ട് റീച്ചുകളായാണ് പദ്ധതി രേഖ തയ്യാറാക്കുന്നത്. മലാപ്പറമ്പ്- പുതുപ്പാടി റീച്ചിൽ 35 കിലോമീറ്ററും പുതുപ്പാടി- മുത്തങ്ങ റീച്ചിൽ 77.8 കിലോമീറ്ററുമാകും വികസിപ്പിക്കുക. നാലുവരിയായാണ് റോഡ് വികസിപ്പിക്കുന്നത്.
താമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയർപിൻ വളവുകൾ വികസിപ്പിക്കുന്നതിന് സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം നൽകാൻ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടാനും തീരുമാനിച്ചു. 35.49 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയത്തിന് സമർപ്പിച്ചത്. കൽപ്പറ്റ ബൈപ്പാസ് നാലുവരിയാക്കുന്നതിന് 162.69 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിക്കാനുള്ള ഇടപെടലും ശക്തമാക്കും. അംഗീകാരം നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. മലാപ്പറമ്പ്- പുതുപ്പാടി റീച്ചിൽ തീരുമാനിച്ച ഉപരിതല നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശിച്ചു. കോഴിക്കോട് നഗരത്തിൽ പഴയ എൻ.എച്ചിലെ പ്രവൃത്തി പുരോഗതിയും വിലയിരുത്തി. തലശേരി- മാഹി ദേശീയപാതാ പ്രവൃത്തിയും വേഗത്തിൽ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ വകുപ്പ് സെക്രട്ടറി കെ.ബിജു, അഡിഷണൽ സെക്രട്ടറി ഷിബു.എ, ചീഫ് എൻജിനിയർമാരായ അജിത് രാമചന്ദ്രൻ, അൻസാർ.എം എന്നിവരും പങ്കെടുത്തു.