s

പേരാമ്പ്ര: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ കുവ്വപ്പൊയിൽ പഴയപറമ്പിൽ- മണിക്കൊമ്പേൽ റോഡ് വഴിയുള്ള യാത്ര സാഹസികമാകുന്നു. റോഡിന്റെ 100 മീറ്ററോളം വരുന്ന ഭാഗത്ത് കൈവരിയില്ലാത്തതാണ് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നത്.

ഈ ഭാഗത്തെ റോഡിന്റെ ഇരുവശത്തും 100 മീറ്ററിലധികം താഴ്ചയിൽ കരിങ്കൽ പൊട്ടിച്ച ഗർത്തത്തിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. മൂന്നുമീറ്റർ മാത്രം വീതിയുള്ള റോഡ് കഴിഞ്ഞ വർഷം കോൺക്രീറ്റ് ചെയ്തെങ്കിലും കൈവരി നിർമ്മിച്ചില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും പ്രയാസമാണെന്ന് ഡ്രൈവർമാർ പറയുന്നു.

റോഡിന്റെ ഇരുഭാഗത്തും കാടുമൂടിയ അവസ്ഥയിലാണ്. തെരുവു വിളക്കുകളില്ലാത്തതിനാൽ രാത്രി സമയങ്ങളിൽ കാൽനടയാത്രക്കാരും ഏറെ ഭയത്തോടെയാണ് യാത്ര ചെയ്യുന്നത്. പലതവണ ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ താത്കാലിക വേലിയോ അപായസൂചക ബോർഡോ സ്ഥാപിച്ച് യാത്രാസൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.