കോഴിക്കോട്: കേരളത്തിൽ ഭാരതീയ ദളിത് കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് മുൻ എം.പി കെ.മുരളീധരൻ പറഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മഹാത്മാ അയ്യൻകാളിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നതോടെ സംവരണ സീറ്റുകളിലെ മന്ത്രിമാർ കുറഞ്ഞു. കെ.രാധകൃഷ്ണന് ദേവസ്വം നൽകി മൂന്ന് വർഷത്തിൽ അത് മറ്റുള്ളവർക്ക് കൈമാറി. കോൺഗ്രസിൽ മുമ്പ് ഗോപാലകൃഷ്ണനും കുഞ്ഞമ്പുമാഷും പന്തളം സുധാകരനും എല്ലാം നൽകിയ ശക്തി ഇന്ന് കാണുന്നില്ല. മത്സരിച്ച് ജയിക്കാൻ സംഘടനാ ശക്തികൾക്ക് കഴിയുന്നില്ലെന്നത് പോരായ്മയാണ്. അതുകൊണ്ടുതന്നെ സംഘടനാ ശക്തികൾ സ്വതന്ത്രമായി പ്രവർത്തിച്ച് മുന്നേറ്റം തുടരുക. വരുന്ന ലോക്കൽ ബോഡി തിരഞ്ഞെടുപ്പിൽ 33 ശതമാനം ദളിത് വനിതകൾക്കുള്ള സംവരണം ഉപയോഗിച്ച് ദളിത് കോൺഗ്രസിനെ ശക്തിപ്പെടുത്തണം. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ ദളിത് കോൺഗ്രസിൽ പഞ്ചായത്ത് പ്രസിഡന്റുമാരും എം.എൽ.എമാരും ഉണ്ടാകുമെന്നുള്ള പ്രതിജ്ഞ ഈ അവസരത്തിൽ എടുക്കണമെന്നും മുരളീധരൻ പറഞ്ഞു.

ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശീതൾ രാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.അശോകൻ സ്വാഗതം പറഞ്ഞു. രാജീവൻ, വി.ടി.സുരേന്ദ്രൻ, ദിവ്യ ബാലകൃഷ്ണൻ, വൈശാഖ് കല്ലാട്ട്, ഐ.മൂസ, നിസാർ പുനത്തിൽ എന്നിവർ പങ്കെടുത്തു.