gadgil

കോഴിക്കോട്: പശ്ചിമഘട്ടത്തെ സംബന്ധിച്ച തന്റെ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടതിന്റെ ദുരന്തമാണ് കേരളം അഭിമുഖീകരിക്കുന്നതെന്ന് മാധവ് ഗാഡ്ഗിൽ പറഞ്ഞു.
ഗ്രാമ സമൂഹങ്ങളെയും മറ്റ് വിഭാഗങ്ങളെയും ഒപ്പം പ്രകൃതിയേയും കണക്കിലെടുത്തു കൊണ്ടുള്ള റിപ്പോർട്ടായിരുന്നു അത്. അതിനെ വ്യക്തിപരമായ വിദ്വേഷത്താലും തെറ്റിധാരണകൾ കൊണ്ടും അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ. വയനാട് ദുരന്തം ആവർത്തിക്കരുത്, പുനരധിവാസം സുതാര്യമാവണം, ജൈവ വൈവിധ്യം പുനസ്ഥാപിക്കുക, നീർച്ചോലകളും നീരുറവകളും സംരക്ഷിക്കണം എന്നീ വിഷയങ്ങളിൽ ഗ്രീൻ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച ശിൽപ്പശാല ഓൺലൈനിൽ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൂർണ്ണമായും ജനപക്ഷത്തു നിന്നും, താഴെത്തട്ടിലുള്ളവരെ കേന്ദ്രീകരിച്ചുകൊണ്ടുമുള്ള റിപ്പോർട്ടാണിത്. വിവിധ സ്ഥലങ്ങളിലെ പ്രകൃതി സംരക്ഷണം എങ്ങനെ വേണമെന്നുള്ള നിരവധി പഠനങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് രൂപപ്പെടുന്നത്. അതനുസരിച്ചിരുന്നെങ്കിൽ മനുഷ്യന്റെ ഇടപെടൽ കാരണമുണ്ടാവുന്ന ദുരന്തങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയുമായിരിന്നു. എന്നാൽ റിപ്പോർട്ട് അട്ടിമറിക്കാൻ പല ഭാഗങ്ങളിൽ നിന്നും പരിശ്രമമുണ്ടായി. പശ്ചിമഘട്ടത്തെ സോണുകളാക്കി വേർതിരിക്കുകയും പല സോണുകളിൽ പരിപാലനത്തിന്റെ ഭാഗമായി വേണ്ട വികസന പ്രക്രിയകൾ എന്തൊക്കെയെന്ന് ഉറപ്പ് വരുത്തുകയും ചെയ്ത ശേഷം സോണുകളെ കുറിച്ച് പഠിക്കാൻ വ്യത്യസ്ത സമിതികളെയും നിയമിച്ചിരുന്നു. ഗ്രാമസമൂഹങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടുള്ള .ഈ സമിതി തന്നെയാണ് സോണുകൾക്ക് വേണ്ട വികസനങ്ങൾ തീരുമാനിക്കുന്നത്. അത് ഗൗരവമായിട്ടെടുക്കാതെ കേവലം വികസനമെന്ന സങ്കൽപ്പത്തിൽ മാത്രം മുന്നോട്ട് പോകുമ്പോൾ വയനാട് പോലുള്ള ദുരന്തങ്ങൾക്ക് നാം ഇനിയും സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും ഗാഡ്ഗിൽ പറഞ്ഞു.