@ എ.ബി.സി സെന്റർ രണ്ടിൽ ഒന്നടച്ചു
കോഴിക്കോട്: എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) സെന്ററുകളുടെ പ്രവർത്തനം താളം തെറ്റിയതോടെ ജില്ലയിൽ വീണ്ടും ഭീതി ഉയർത്തി തെരുവുനായശല്യം. നഗര- ഗ്രാമ വഴികളിൽ യാത്രക്കാർക്കുനേരെയുള്ള കുരച്ചുചാട്ടം പതിവ് കാഴ്ചയായിട്ടുണ്ട്. കൂട്ടമായെത്തുന്ന തെരുവുനായ്ക്കൾ എപ്പോഴാണ് ആക്രമിക്കുകയെന്ന് ഒരുനിശ്ചയവുമില്ല. നായ്ക്കളുടെ വന്ധ്യംകരണം ലക്ഷ്യമാക്കി കോഴിക്കോട് കോർപ്പറേഷനിലും ജില്ലാപഞ്ചായത്തിന് കീഴിലുമായി രണ്ട് എ.ബി.സി സെന്ററുകളാണ് ഉള്ളത്. എന്നാൽ കോർപ്പറേഷന് കീഴിലുള്ള വെള്ളിമാടുകുന്ന് പൂളക്കടവിലെ എ.ബി.സി സെന്റർ അറ്റകുറ്റപ്പണിയുടെ പേരിൽ ഒരുമാസമായി അടച്ചിട്ടിരിക്കുകയാണ്. ജില്ലാപഞ്ചായത്തിന് കീഴിൽ ബാലുശ്ശേരി പനങ്ങാടുള്ള എ.ബി.സി സെന്ററിൽ നിലവിൽ വാക്സിനേഷൻ ഡ്രൈവ് മാത്രമാണ് നടക്കുന്നത്. ജില്ലയുടെ ഏതെങ്കിലും ഭാഗങ്ങളിൽ തെരുവുനായ ശല്യം റിപ്പോർട്ട് ചെയ്താൽ എത്തേണ്ടത് ബാലുശ്ശേരിയിൽ നിന്നുള്ള സംഘമാണ്. 2019 മാർച്ചിലാണ് പൂളക്കടവിലെ എ.ബി.സി സെന്റർ പ്രവർത്തനം തുടങ്ങിയത്. അഞ്ചു വർഷത്തിനിടെ 13,000 ത്തോളം വന്ധ്യംകരണശസ്ത്രക്രിയകൾ നടത്തി. ഓരോ മാസവും ശരാശരി 200 ൽ താഴെ ശസ്ത്രക്രിയകൾ നടക്കുന്നുവെന്ന് പറയുന്നത്. ഇതൊക്കെയായിട്ടും തെരുവുനായ ശല്യത്തിന് ഒട്ടും കുറവു വന്നിട്ടില്ല. മൂന്ന് സർജൻ, ഒരു അനസ്‌ത്യേഷ്യസ്റ്റ് ,അഞ്ച് ഡോഗ് ക്യാച്ചർമാർ, മറ്റു ഹെൽപ്പർമാർ, ഡ്രൈവർ എന്നിങ്ങനെ 13 പേരാണ് ബാലുശ്ശേരിയിലെ സെന്ററിലുള്ളത്. നായ്ക്കളെ പിടികൂടുന്നതിനും വന്ധ്യംകരിക്കുന്നതിനും സൗകര്യങ്ങൾ ഉണ്ടെങ്കിലും ജില്ലയുടെ എല്ലാ ഭാഗത്തും സമയത്ത് എത്താൻ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ചെങ്ങോട്ടുകാവ്, വടകര, പേരാമ്പ്ര, കായക്കൊടി തുടങ്ങിയ സ്ഥലങ്ങളിൽ എ.ബി.സി സെന്ററുകൾ തുടങ്ങുമെന്ന് കാലങ്ങളായി പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ആയിട്ടില്ല. മാലിന്യ സംസ്കരണം കാര്യക്ഷമമാകാത്തതാണ് തെരുവുനായ ശല്യം രൂക്ഷമാകാൻ ഒരു കാരണം. കൂടുതൽ എ.ബി.സി സെന്ററുകൾ തുടങ്ങുന്നതിനൊപ്പം മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പാക്കുക കൂടി ചെയ്താൽ തെരുവുനായ്ക്കളെ ഒരുപരിധിവരെ ഇല്ലാതാക്കാൻ കഴിയും.
രണ്ടു വർഷം കൂടുമ്പോൾ കെന്നലുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതാണ്. രണ്ടാഴ്ചക്കകം സെന്റർ തുറക്കും.
ഡോ. ശ്രീഷ്മ വി.എസ്, കോഓപ്പറേഷൻ വെറ്ററിനറി ഓഫീസർ