വടകര: ദേശീയപാതയിൽ ചോറോട് വയോധികയുടെ ജീവനെടുക്കുകയും ഒമ്പത് വയസുകാരിയുടെ ശരീരം തളർത്തുകയും ചെയ്ത വാഹനാപകടം നടന്ന് ഏഴ് മാസം പിന്നിട്ടിട്ടും നിറുത്താതെ പോയ വാഹനത്തെ കണ്ടെത്താനാകാതെ പൊലീസ്. വടകര പൊലീസ് അന്വേഷണത്തിൽ വാഹനത്തെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഹൈക്കോടതി ഇടപെട്ട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സി.സി ടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഫെബ്രുവരി 17ന് രാത്രി 10ഓടെയാണ് അപകടം നടന്നത്. പന്യന്നൂർ മേനേക്കരയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടേയും അമ്മൂമ്മയുടെയും ഒപ്പം അമ്മ വീട്ടിലേക്ക് പോകാനായി ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഒമ്പതുവയസുകാരി ദൃഷാനയെയും അമ്മൂമ്മ ബേബിയേയും അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബേബി തത്ക്ഷണം മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്, കോമയിലായ ദൃഷാന ഏഴ് മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവത്തിൽ ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്ന് ഹൈക്കോടതി റിപ്പോർട്ട് തേടി. അന്വേഷണം നടക്കുന്നുവെന്ന റിപ്പോർട്ട് പൊലീസ് ലീഗൽ സർവീസ് അതോറിട്ടിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിക്ക് നിയമ സഹായം നൽകുമെന്ന് ലീഗൽ സർവീസ് അതോറിട്ടി അറിയിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിന് കുട്ടിയുടെ ചികിത്സാച്ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. ഹരിത കർമ്മേസേനയിലാണ് ദൃഷാനയുടെ അമ്മ ജോലി ചെയ്യുന്നത്. എന്നാൽ നിലവിൽ ജോലിക്ക് പോകാനാകാത്ത അവസ്ഥയാണ്. അപകടം വരുത്തിയ വാഹനം കണ്ടെത്തുന്നതിനും വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും അധികൃതരുടേയും ജനപ്രതിനിധികളുടേയും അടിയന്തര ഇടപെടൽ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.