രാമനാട്ടുകര: കെട്ടിടത്തിനു മുകളിൽനിന്ന് ശോഭായാത്ര കാണുന്നതിനിടെ വൈദ്യുതാഘാതമേറ്റ വിദ്യാർത്ഥിക്ക് രക്ഷകയായി യുവതി. കാരാട് സ്വദേശിയായ എട്ടാംക്ലാസ് വിദ്യാർത്ഥി അശ്വന്തിനാണ് തിങ്കളാഴ്ച വൈകിട്ട് കാരാട് അങ്ങാടിയിലെ കെട്ടിടത്തിൽ നിന്ന് വൈദ്യുതാഘാതമേറ്റത്. കാരാട് തണലിൽ ഷംസുദ്ദീന്റെ ഭാര്യ ദിൽസാന ഉടൻ സി.പി.ആർ നൽകി അശ്വന്തിനെ രക്ഷപ്പെടുത്തുകയായിരുന്നു.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ കാരാട് അങ്ങാടിയിലാണ് സമാപിച്ചത്. ശോഭായാത്ര കാണാൻ റോഡരികിലും കെട്ടിടങ്ങൾക്ക് മുകളിലും ആളുകൾ തടിച്ചു കൂടിയിരുന്നു. മൂന്നുനില കെട്ടിടത്തിൽ നിന്ന് ശോഭായാത്ര കാണുന്നതിനിടെ തിരക്കിൽ അശ്വന്ത് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന് പുറത്തുകൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ കൈ തട്ടി കെട്ടിടത്തിലേക്ക് തെറിച്ചു വീണു. മകനോടൊപ്പം ശോഭായാത്ര കാണാനെത്തിയ ദിൽസാനയുടെ കാൽച്ചുവട്ടിലേക്കാണ് അശ്വന്ത് ബോധമറ്റ് വീണത്. പ്ലസ്ടുവിൽ ജി.എൻ.എം നഴ്സിംഗ് പഠിച്ചിരുന്നതിനാൽ സി.പി.ആർ നൽകുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നതായി ദിൽസാന പറഞ്ഞു. വൈദ്യുതാഘാതമേറ്റ് കൈയ്ക്കും കാലിനും പൊള്ളലേറ്റ വിദ്യാർത്ഥിയെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.