speaks

മുകേഷ് എം.എൽ.എയുടെ രാജി സി.പി.എം ചോദിച്ചുവാങ്ങണം. ധാർമ്മികമായി എം.എൽ.എ സ്ഥാനത്ത് തുടരാൻ മുകേഷ് യോഗ്യനല്ല.

ഭാര്യയെപോലും ശാരീരികവും മാനസികവുമായി തകർത്ത വ്യക്തിയാണ് മുകേഷ്. സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ പുറത്താക്കണം. സ്ത്രീകളുടെ നേതൃത്വത്തിലെ നയരൂപീകരണ സമിതി നിലവിൽവരണം.

കെ.കെ. രമ

എം.എൽ.എ

മുകേഷിന്റെ രാജിക്ക് തിരക്ക് കൂട്ടരുത്. സമാന ആരോപണം നേരിട്ടവർ മുമ്പും ഉണ്ടായിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കാൻ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ച സർക്കാർ ശരിയായ വഴിക്കാണ് നീങ്ങുന്നത്. സർക്കാർ എപ്പോഴും സ്ത്രീപക്ഷത്താണ്.

ബിനോയ് വിശ്വം

സി.പി.ഐ സംസ്ഥാന

സെക്രട്ടറി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കും. സി.പി.എമ്മിനെ റിപ്പോർട്ട് എങ്ങനെ ബാധിക്കുമെന്ന പരിശോധനയാണ് സർക്കാർ ആദ്യം നടത്തിയത്. മുഖം നോക്കിയും കൊടിയുടെ നിറം നോക്കിയും കേസെടുക്കുന്ന രീതിയാണ് സർക്കാരിന്റേത്.
കെ. സുധാകരൻ എം.പി

കെ.പി.സി.സി പ്രസിഡന്റ്

മുകേഷ് എത്രയും വേഗം എം.എൽ.എ സ്ഥാനം രാജിവയ്ക്കണം. സിനിമാ മേഖലയിൽ സംഭവിക്കുന്നത് നല്ല മാറ്റമാണ്. സിനിമയിലെ പവർ ഗ്രൂപ്പ് തകരുകയാണ്. അതിനെ സന്തോഷത്തോടെ നോക്കിക്കാണുന്നു. ഇരകൾക്കൊപ്പമെന്നു പറയുമ്പോഴും സർക്കാരിന്റെ പ്രവൃത്തി വേറെയാണെന്നാണ് സമീപകാല ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

കൽപ്പറ്റ നാരായണൻ

എഴുത്തുകാരൻ

സിനിമാ മേഖലയിലെ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ വനിതാ ഉദ്യോഗസ്ഥർ മാത്രം മതി. ആർക്കും അന്വേഷിക്കാം എന്ന മട്ടിലാണ് കാര്യങ്ങൾ പോകുന്നത്. സ്ത്രീകളാണ് പരാതിക്കാർ. ഇവർക്ക് കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്നവരാണ് സംഘത്തിൽ വേണ്ടത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോൺഗ്രസ് നേതാവ്

മുകേഷിനെതിരെ ഉണ്ടായതിന് സമാനമായ പരാതികളിൽ കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചില്ലല്ലോ. മുകേഷിനെതിരെ കേസെടുത്തത് ധാർമ്മികമായ നിലപാടാണ്. സ്ത്രീ സംരക്ഷണത്തിനുവേണ്ടി മുഖം നോക്കാതെ സർക്കാർ നടപടിയെടുത്തു. സർക്കാർ ആർക്കും പ്രത്യേക സംരക്ഷണം നൽകില്ല

ഇ.പി. ജയരാജൻ

എൽ.ഡി.എഫ് കൺവീനർ

മുകേഷിന്റെ കാര്യത്തിൽ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിച്ച് മാതൃകാപരമായ നടപടികളുണ്ടാവും. സ്ത്രീപക്ഷ നിലപാടുകളാണ് സി.പി.എം എപ്പോഴും സ്വീകരിക്കുന്നത്. ചലച്ചിത്ര മേഖലയിൽ ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കും.

മന്ത്രി ആർ. ബിന്ദു

മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സി.പി.എമ്മാണ്. ഘടകകക്ഷികൾ രാജി ആവശ്യപ്പെട്ടിട്ടുപോലും മുകേഷിനെ സംരക്ഷിക്കുന്ന സി.പി.എം എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

വി.ഡി.സതീശൻ

പ്രതിപക്ഷനേതാവ്