ബേപ്പൂർ: കോർപ്പറേഷൻ 48-ാം ഡിവിഷനിൽ ഇരട്ടച്ചിറ കോളനിയിലെ ഉപയോഗശൂന്യമായ വാട്ടർ ടാങ്ക് സമീപ വാസികൾക്ക് ഭീഷണിയാകുന്നു. കാലപ്പഴക്കത്താൽ ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയാണ്. 25 മീറ്ററോളം ഉയരത്തിൽ നാലു കോൺക്രീറ്റ് തൂണുകൾക്ക് മുകളിലാണ് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. ടാങ്കിന്റെ മുകൾ ഭാഗം ഒരു വശത്തേക്ക് ചരിഞ്ഞിരിക്കുകയാണ്. പല ഭാഗത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ടാങ്ക് മഴ വെള്ളം നിറഞ്ഞ് മലിനമായിരിക്കുന്നു. 25,000 ലിറ്ററിലധികം വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കാണെന്നാണ് നാട്ടുകാർ പറയുന്നത്. വാട്ടർ ടാങ്കിന് ചുറ്റിലും ചെറിയ ഒറ്റമുറി വീടുകളാണുള്ളത്. കുട്ടികളടക്കമുള്ളവരാണ് ഇവിടെ താമസിക്കുന്നത്.
2001-2002 കാലയളവിൽ മത്സ്യഗ്രാമ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായാണ് ടാങ്ക് നിർമ്മിച്ചത്. മുൻ എം.എൽ.എ വി.കെ.സി മമ്മദ് കോയയുടെ അദ്ധ്യക്ഷതയിൽ മുൻ ഫിഷറീസ് വകുപ്പ് മന്ത്രി കെ.വി.തോമസ് ആണ് ഉദ്ഘാടനം ചെയ്തത്. പുലിമൂട് ഭാഗത്തേക്കുള്ള ശുദ്ധജല വിതരണ പദ്ധതിയായിരുന്നു ലക്ഷ്യം. എന്നാൽ പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനുള്ളിൻ പദ്ധതി നിലച്ചു. ടാങ്ക് പൊളിച്ച് നീക്കിയില്ലെങ്കിൽ വൻ ദുരത്തിന് അധികൃതർ മറുപടി പറയേണ്ടി വരുമെന്നാണ് നാട്ടുകാർ പറയുന്നത്.
കിണറും ഉപയോഗശൂന്യം
ടാങ്കിന് സമീപത്തായി ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കിണറും പരിസരവും മാലിന്യം നിറഞ്ഞ നിലയിലാണ്. കിണറിന് മുകളിൽ 15 അടിയോളം ഉയരത്തിൽ വൃക്ഷങ്ങൾ വളർന്നിട്ടുണ്ട്. കിണറ്റിനുള്ളിലും പൂർണമായും മാലിന്യം നിറഞ്ഞിരിക്കുകയാണ്. രൂക്ഷമായ ദുർഗന്ധവുമുണ്ട്.