മേപ്പയ്യൂർ: കേന്ദ്രഭരണകൂടം യജമാനന്മാരായ കോർപ്പറേറ്റുകൾക്കുവേണ്ടി ദാസ്യപ്പണി ചെയ്യുന്നതിന്റെ ഫലമായി സാധാരണക്കാർ ദുരിതമനുഭവിക്കുകയാണെന്ന് മുൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. തുറയൂരിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി.ടി.കുഞ്ഞിക്കണാരന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജലസ്രോതസുകൾ പോലും സ്വകാര്യവത്കരിച്ച് കുടിവെള്ളത്തിന് വരെ വില നിശ്ചയിക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്. ജനവിരുദ്ധ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി.ശശി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ബാലൻ, ആർ.ശശി, അജയ് ആവള, പി.ബാലഗോപാലൻ, സി.ബിജു, ബാബു കൊളക്കണ്ടി എന്നിവർ സംസാരിച്ചു. കെ.രാജേന്ദ്രൻ സ്വാഗതവും വിപിൻ കൈതക്കൽ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനം വിതരണം ചെയ്തു.