arjun
അർജുൻ

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ഡ്രെെവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുമെന്ന് ഉറപ്പായതോടെ കുടുംബം വീണ്ടും പ്രതീക്ഷയിൽ. ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാമെന്ന കർണാടക സർക്കാരിന്റെ ഉറപ്പ് ലഭിച്ചതോടെ അടുത്ത ദിവസം തന്നെ തെരച്ചിൽ പുനരാരംഭിക്കാനാണ് സാദ്ധ്യത. അർജുനെ കണ്ടെത്താൻ ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ എം.കെ.രാഘവൻ എം.പി, മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് തുടങ്ങിയ നേതാക്കൾ കർണാടക മുഖ്യമന്ത്രിയെ കണ്ടതിനെ തുടർന്നാണ് നടപടി. ഡ്രെഡ്ജർ എത്തിക്കാൻ ഫണ്ടില്ലെന്ന നിലപാടിലായിരുന്നു കർണാടക സർക്കാർ. ഈ സാഹചര്യത്തിലാണ് അർജുനെ കണ്ടെത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ കണ്ടതെന്ന് ജിതിൻ പറഞ്ഞു. കഴിഞ്ഞ ഒരുമാസമായി ഊണും ഉറക്കവുമില്ലാതെ അർജുന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് കുടുംബവും നാട്ടുകാരും. ജൂലായ് 16നാണ് അർജുനെ കാണാതായത്. മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താത്തതിനാൽ തെരച്ചിൽ ഗംഗാവലിപുഴയിലേക്ക് മാറ്റി. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടപ്പോൾ സൈന്യമെത്തി. തെരച്ചിലിനൊടുവിൽ മണ്ണിനടിയിൽ ലോറിയില്ലെന്നും ഗംഗാവലി പുഴിയിലാണെന്നും ഔദ്യോഗിക സ്ഥിരീകരണം വന്നു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയായി. ഇതോടെ താത്ക്കാലികമായി തെരച്ചിൽ നിർത്തി. ഇതോടെ അർജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തി. കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന നിലപാട് എടുത്തതോടെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു. മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ നടത്തിയ തെരച്ചിലിൽ അർജുൻ ഓടിച്ച ലോറിയുടെ ജാക്കിയും മരത്തടിയും കെട്ടിയിരുന്ന കയറും കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധനയ്ക്കായി ഡ്രഡ്ജർ എത്തിക്കണമെന്ന ആവശ്യമുയർന്നെങ്കിലും അതിനുള്ള ചെലവ് ആര് വഹിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. തുടർന്നാണ് അർജുനായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡ്രെഡ്ജിംഗ് തുടങ്ങണമെന്ന ആവശ്യവുമായി കേരള നേതാക്കളും അർജുന്റെ കുടുംബവും കർണാടക മുഖ്യമന്ത്രിയെ കണ്ടത്.