പാളയം പച്ചക്കറി മാർക്കറ്റ് മാറ്റം; കോർപ്പറേഷന് മുന്നിൽ കച്ചവടക്കാരുടെ കൂട്ടധർണ
കോഴിക്കോട്: പാളയം പഴം-പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് പാളയം പച്ചക്കറി മാർക്കറ്റ് കോ- ഓർഡിനേഷൻ കമ്മിറ്റി കോർപറേഷന് മുന്നിൽ കൂട്ടധർണ നടത്തി. കഴിഞ്ഞ ദിവസം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് വ്യാപാരികളെ വ്യക്തിഗതമായി വിളിപ്പിച്ച് സമ്മതിപ്പിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുടെ കൂടെ സംഘടിതമായി ഹിയറിംഗിന് വിളിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തു. കോർപ്പറേഷൻ നീക്കത്തിനെതിരേ നടത്തിയ കൂട്ട ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പുബാജി ഉദ്ഘാടനം ചെയ്തു. വ്യാപാരികളെ ഒരോരുത്തരെയായി ധാരണാ പത്രത്തിൽ ഒപ്പുവെപ്പിച്ച് പാളയം പച്ചക്കറി മാർക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന് സമരക്കാർ വ്യക്തമാക്കി.
കോ.ഓർഡിനേഷൻ ചെയർമാൻ പി,കെ കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ്, പി ഭാസ്കർ, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി വി.സുനിൽകുമാർ, മനാഫ് കാപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.
മത്സ്യത്തൊഴിലാളികളുടെ കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി
കോഴിക്കോട് : ലൈറ്റ് ഉപയോഗിച്ചുള്ള രാത്രികാല മത്സ്യബന്ധനം തടയുക, മണ്ണെണ്ണ സബ്സിഡി പുനർസ്ഥാപിക്കുക, നിരോധിത വലകൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് മത്സ്യബന്ധനം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്തു. ഹാർബറുകളിൽ നിന്നും ബോട്ടുകൾ പുറപ്പെടും മുൻപ് ഉദ്യോഗസ്ഥർ പെലാജിക് വലകൾ പരിശോധിച്ചില്ലെങ്കിൽ പെലാജിക് ബോട്ടുകളെ കടലിൽ തടയുമെന്നും കടലിലും കരയിലും പട്രോളിംഗ് ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.പി.സുരേഷ് കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. എം. പി അബ്ദുൽ റാസിക്, ആൻറണി കുരിശിങ്കൽ, കരിം മാറാട് , ഗംഗാധരൻ പയ്യോളി എന്നിവർ പ്രസംഗിച്ചു. ചോമ്പാല, കൊയിലാണ്ടി, വെള്ളയിൽ, ചാലിയം ഹാർബറികളിലെ മത്സ്യത്തൊഴിലാളികൾ പണിമുടക്കിയാണ് സമരത്തിന് എത്തിയത്. സരോവരം പാർക്ക് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ മൂവായിരത്തോളം മത്സ്യത്തൊഴിലാളികൾ പങ്കെടുത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട്: കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ പൂഴ്ത്തി വെച്ചവരുടെ രഹസ്യം ചില വെളിപ്പെടുത്തലുകളിലൂടെ കേരള സമൂഹത്തിന് ബോധ്യപ്പെട്ടുവെന്ന് സാഹിത്യകാരൻ കൽപറ്റ നാരായണൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്തുക, കുറ്റക്കാർക്കെതിരെ കേസെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ നടത്തിയ 'നിർഭയം' പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർത്തമാനകാല സംഭവങ്ങൾ കേരളത്തിന് നാണക്കേടാവുകയാണ്. കറകളഞ്ഞവർ നേതൃത്വത്തിൽ വന്ന് വിശ്വാസ്യത വീണ്ടെടുത്താലേ മലയാള സിനിമ വ്യവസായത്തിന് ഇനിയൊരു തിരിച്ചു വരവുള്ളൂ എന്നും കൽപറ്റ നാരായാണൻ പറഞ്ഞു. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.കെ.രമ എംഎൽഎ കുറ്റപ്പെടുത്തി. സിനിമയിൽ പുരുഷാധിപത്യമാണ്. പീഡനങ്ങൾ വർദ്ധിക്കാനുള്ള കാരണമിതാണെന്നും കെ.കെ രമ വിമർശിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. സിനിമാ ലോകത്തെ പീഡനത്തിന് കാരണക്കാരായവരെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടു വരും വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ, മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, എൻ.കെ. അബ്ദുറഹ്മാൻ, രത്‌നവല്ലി , ഗൗരി പുതിയോത്ത്, ആർ. ഷെഹിൻ, വി.ടി, സൂരജ്, കെ.സി. ശോഭിത എന്നിവർ പ്രസംഗിച്ചു. അഡ്വ. എം. രാജൻ സ്വാഗതവും അന്നമ്മ നന്ദിയും പറഞ്ഞു.