കോഴിക്കോട്: ഒറ്റയ്ക്ക് കരയുന്ന മനുഷ്യരുടെ കൂടെ നിൽക്കുന്നതാണ് സാഹിത്യ ധർമ്മമെന്ന് സാഹിത്യ അക്കാഡമി ചെയർമാനും എഴുത്തുകാരനുമായ കെ.സച്ചിദാനന്ദൻ പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡി.സി ബുക്സും സംയുക്തമായി സാഹിത്യനഗരമായ കോഴിക്കോടിന് നൽകിയ അക്ഷരാർപ്പണം പരിപാടിയുടെ ഭാഗമായ 26-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കരയുന്ന മനസിന്റെ ചോതനകളെയും ഉത്കണ്‌ഠകളെയും ആവിഷ്കരിക്കാനും ക്ഷമിപ്പിക്കാനുമുള്ള പ്രയത്നമായി ഭാഷയെ മാറ്റുകയാണ് എഴുത്തുകാരൻ ചെയ്യേണ്ടത്. സാഹിത്യത്തിന്റെ രൂപവും ഭാവവും സന്ദർഭവും മാറുമ്പോഴും സാഹിത്യം അത് തന്നെയായി നിലനിൽക്കും. സമകാലീന സാഹിത്യവും സർവകാലീന സാഹിത്യവും ഒരുപോലെ അനുഭവപ്പെടുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

എൻ.എസ്.മാധവൻ ചടങ്ങ് ഉദ്ഘാടനംചെയ്തു. 'എന്താണ് ചരിത്രം" എന്ന വിഷയത്തിൽ ചരിത്രകാരൻ മനു എസ്.പിള്ള സ്മാരകപ്രഭാഷണം നടത്തി. സാഹിത്യനഗരവും സാഹിത്യോത്സവങ്ങളും വിഷയത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, എ.പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. വി.ജെ.ജയിംസ്, ഷീല ടോമി, ഫ്രാൻസിസ് നൊറോണ, എ.കെ.അബ്ദുൾ ഹക്കീം എന്നിവർ പങ്കെടുത്തു.

സാഹിത്യനഗരിക്ക് ആദരം

മലയാളത്തിലെ എഴുത്തുകാരും സാംസ്കാരികപ്രവർത്തകരും സാഹിത്യനഗരിക്ക് അക്ഷരാർപ്പണം നടത്തി ആദരമേകി. കോഴിക്കോടിന് യുനെസ്‌കോ സാഹിത്യ നഗരപദവി ലഭിച്ചതിനോടനുബന്ധിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡി.സി ബുക്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. എം.കെ.മുനീർ എം.എൽ.എ, രവി ഡി.സി,​ കെ.വി.ശശി, എ.വി.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. പുതിയതായി പുറത്തിറക്കിയ 16 പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.