ഇന്ന് ഓറഞ്ച് അലർട്ട്
കോഴിക്കോട്: ജില്ലയിൽ വീണ്ടും മഴ കനത്തു. രണ്ട് ദിവസമായി മലയോര മേഖലകളിൽ അതിശക്തമായ മഴയാണ്. ഇന്നലെ രാവിലെ തുടങ്ങിയ മഴ രാത്രിയിലും തുടർന്നു. നഗരത്തിലും ഇന്നലെ രാവിലെ മുതൽ കനത്ത മഴയാണ്. കോഴിക്കോടിന് പുറമെ വടകരയിലും പെരുവണ്ണാമൂഴിയിലും തീവ്രമഴ രേഖപ്പെടുത്തി. 24 മണി ക്കൂറിനിടെ ജില്ലയിൽ ശരാശരി 148. 3 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. കോഴിക്കോട് സിറ്റിയിൽ 36.3 മില്ലീമീറ്ററും വടകരയിൽ 44.0 മില്ലീ മീറ്ററും കൊയിലാണ്ടിയിൽ 32.0 മില്ലീമീറ്ററും കുന്ദമംഗലത്ത് 15.5 മില്ലീമീറ്ററും,വിലങ്ങാട് 20.5 മില്ലീമീറ്ററുമാണ്കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഖപ്പെടുത്തിയത്. ജില്ലയിൽ ഈ മാസം ഇന്നലെ വരെ 1997.6 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് കിഴക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റിനും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരള -കർണാടക തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വാണിമേൽ മേഖലയെ ദുരന്ത
ബാധിതമായി പ്രഖ്യാപിക്കും
കോഴിക്കോട്: വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3ാം വാർഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള വാടകയും മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികൾക്ക് സിഎംഡിആർഎഫിൽ നിന്നുള്ള അധിക എക്സ്ഗ്രേഷ്യയും ഉൾപ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവർക്കും നൽകും. ഉരുൾപൊട്ടൽബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പ്രാദേശിക ജനപ്രതിനിധികൾ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും.
നിയമസഭ പരിസ്ഥിതി സംഘം
വിലങ്ങാട് സന്ദർശിച്ചു
നാദാപുരം: വിലങ്ങാട് ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങൾ നിയമസഭാ പരിസ്ഥിതി സംഘം സന്ദർശിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ മുൻഗണനാ പട്ടികയുണ്ടാക്കി വേഗത്തിൽ നടപ്പിലാക്കണമെന്ന് വിലങ്ങാട് ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം നാദാപുരം റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സ്ഥലം എം.എൽ.എ കൂടിയായ സമിതി ചെയർമാൻ ഇ.കെ.വിജയൻ ആവശ്യപ്പെട്ടു.
ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട പഠനം ഇനിയും തുടരും. എൻ.ഐ.ടിയുടെ സഹകരണത്തോടെ റഡാർ സർവേയുൾപ്പെടെ നടത്തും. കൃഷി നാശം സംഭവിച്ചവരെ നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് സമിതിയംഗം മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.പുനരധിവാസത്തിന്റെ കാര്യത്തിൽ കാലതാമാസം ഒഴിവാക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്ന് ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഉരുൾപ്പൊട്ടലിന് ഇരയായവരുടെ ലോണുകളുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ പ്രത്യേക യോഗം വിളിക്കുമെന്നും ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നത് വേഗത്തിലാക്കുമെന്നും ജില്ലാകളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും നാശനഷ്ടങ്ങളുടെ കണക്കുകളും പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടും അവതരിപ്പിച്ചു.
യോഗത്തിൽ സജീവ് ജോസഫ്, ടി.ഐ.മധുസൂദനൻ, കെ.ഡി.പ്രസേനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സുരയ്യ, പി.വി.മുഹമ്മദലി, നസീമ കൊട്ടാരത്തിൽ, സുധ സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ വി.കെ.ബീന, സൽമ രാജു, നരിപ്പറ്റ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജു ടോം, വാർഡ് മെമ്പർമാർ എന്നിവർ സംബന്ധിച്ചു.