കൊടിയത്തൂർ: എം.സി.എഫ് നിർമ്മിക്കാൻ മുൻഭരണ സമിതി വിലയ്ക്കു വാങ്ങിയ സ്ഥലവും സർക്കാർ നൽകിയ ഫണ്ടും ഉണ്ടായിരിക്കെ സ്വകാര്യ വ്യക്തിയുടെ സ്ഥലം പ്രതിമാസ വാടകയ്ക്ക് പാട്ടത്തിനെടുത്ത് പണം പിരിച്ച് കെട്ടിടം നിർമ്മിച്ചത് സംബന്ധിച്ച് കൊടിയത്തൂർ പഞ്ചായത്തിനെതിരെ ഉയർന്ന പരാതിയിൽ വിജിലൻസ് അന്വേഷണമാരംഭിച്ചു. 5,000 രൂപ പ്രതിമാസ വാടകയ്ക്ക് ഏഴാം വാർഡിലെ സ്വകാര്യ വ്യക്തിയിൽ നിന്ന് പാട്ടത്തിനെടുത്ത ഏഴു സെന്റ് സ്ഥലത്താണ് എം.സി.എഫ് പ്രവർത്തിക്കുന്നത്.
ഈ ആവശ്യത്തിന് എസ്.ബി.ഐ അരിക്കോട് ബ്രാഞ്ചിലെ സ്വകാര്യവ്യക്തിയുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ചിലർക്ക് ഔദ്യോഗികമായി കത്തു നൽകിയത് വിവാദമായിരുന്നു. കത്തിനെക്കുറിച്ചോ ആരിൽ നിന്ന് എത്ര രൂപ കിട്ടിയെന്നാേ പഞ്ചായത്തിന് അറിയില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് സെക്രട്ടറി നൽകിയ മറുപടി. 2023 സെപ്തംബർ 25ന് എഗ്രിമെന്റ് നൽകി ഏറ്റെടുത്ത സ്ഥലത്ത് പ്രവർത്തിക്കുന്ന എം.സി.എഫിന് ഇതുവരെ കെട്ടിട നമ്പരോ വൈദ്യുതി കണക്ഷനോ ലഭിച്ചിട്ടില്ല. പഴംപറമ്പിൽ മുൻഭരണ സമിതി വിലയ്ക്കു വാങ്ങിയ ആറു സെന്റ് സ്ഥലം ഉപയോഗിച്ചിട്ടുമില്ല. എം.സി.എഫ് നിർമ്മാണത്തിന് സർക്കാർ നൽകിയ 14 ലക്ഷം രൂപ പഞ്ചായത്തിന്റെ അക്കൗണ്ടിലുണ്ട്.