s

കോഴിക്കോട്: റേഷൻ കമ്മിഷൻ വിതരണത്തിന് മൂന്നുമാസത്തെ തുക അനുവദിച്ചെങ്കിലും രക്ഷയില്ലാതെ വ്യാപാരികൾ. ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ കമ്മിഷൻ തുകയായ 51.26 കോടി അനുവദിച്ചതായാണ് മന്ത്രി പറഞ്ഞത്. ആഗസ്റ്റ് 5ന് ഇത് സംബന്ധിച്ചുള്ള നിർദ്ദേശവും വന്നു. എന്നാൽ ജൂലായിലെ തുക പോലും ഇതുവരെ ലഭിച്ചിട്ടില്ല. ഇതോടെ സമരം ചെയ്യേണ്ട അവസ്ഥയിലാണ് വ്യാപാരികൾ.

70 കോടിയോളം രൂപയാണ് രണ്ട് മാസത്തെ കമ്മിഷൻ തുക. ഓരോ വ്യാപാരിക്കും ഏകദേശം 8,000 മുതൽ 50,000 രൂപ വരെ കിട്ടാനുണ്ട്. 100 ക്വിന്റൽ അരി വിറ്റാൽ 27,000 രൂപയാണ് കമ്മിഷൻ. കമ്മിഷനിൽ നിന്നാണ് വാടക, വൈദ്യുതി ബിൽ ജീവനക്കാരുടെ വേതനം എന്നിവ നൽകേണ്ടത്. പണം കിട്ടാത്തതിനെത്തുടർന്ന് ജീവനക്കാർക്ക് കൂലിയും കെട്ടിട വാടകയും നൽകാനാകാത്ത സ്ഥിതിയിലാണ് ജില്ലയിലെ വ്യാപാരികൾ. സാമ്പത്തിക പ്രതിസന്ധി കൂടിയതോടെ പലരും റേഷൻ കടകൾ അടച്ചു പൂട്ടി മറ്റുതൊഴിലുകൾ തേടി. തത്‌സ്ഥിതി തുടർന്നാൽ കൂടുതൽ പേർ മേഖല പൂർണമായി ഉപേക്ഷിച്ചേക്കും.

കൊവിഡ് കാലത്തെ കമ്മിഷനും ഗോവിന്ദ!

നേരത്തെ അഞ്ചാം തീയതിക്കുള്ളിൽ ലഭിച്ചിരുന്ന കമ്മിഷൻ തുകയാണ് ഇപ്പോൾ രണ്ട് മാസത്തോളമായി മുടങ്ങിയിരിക്കുന്നത്. കൊവിഡ് കാലത്ത് വിതരണം ചെയ്ത സൗജന്യ കിറ്റുകളുടെ കമ്മിഷനായി 46 കോടിയും കിട്ടാനുണ്ട്. അതേസമയം

കഴിഞ്ഞ വർഷം വരെ റേഷൻ കടകൾ വഴി വിതരണം ചെയ്തിരുന്ന ഓണക്കിറ്റുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികളുമായി ഇതുവരെ യാതൊരു ആലോചനകളും സ്വീകരിച്ചിട്ടില്ലെന്നും വ്യാപാരികൾ പറയുന്നു.

ഉത്സവ സീസൺ അടുത്തിരിക്കെ റേഷൻ വ്യാപാരികളെ ദുരിതത്തിലേക്ക് തള്ളിവിടരുത്. ഓണത്തിന് മുൻപായി വേതനവും കിറ്റ് കുടിശ്ശികയും അനുവദിച്ച് നൽകണം.

-ടി.മുഹമ്മദാലി,

സംസ്ഥാന സെക്രട്ടറി

ഓൾ കേരള റീട്ടെയിൽ റേഷൻ

ഡീലേഴ്സ് അസോസിയേഷൻ

ജില്ലയിലെ റേഷൻ കടകൾ- 900

കൊവിഡ് കാലത്തെ കമ്മിഷൻ- 46 കോടി

രണ്ട് മാസത്തെ കമ്മിഷൻ തുക- 70 കോടി