medical

കോഴിക്കോട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞിയും തുണിയും തുന്നിക്കെട്ടിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ. സുരേഷും ജനറൽ സെക്രട്ടറി ഡോ. പി.കെ. സുനിലും പറഞ്ഞു. യുവതിക്ക് രക്തക്കുറവ് കണ്ടതിനാൽ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. വയറിന്റെ പുറത്ത് മാംസപേശിക്ക് സമീപം കട്ടപിടിച്ച രക്തം നീക്കുക മാത്രമായിരുന്നു. ഇക്കാര്യം വക്രീകരിച്ച് മറുപിള്ള പോലും നീക്കാതെ വയറു തുന്നിക്കെട്ടിയെന്ന യുവതിയുടെ ആക്ഷേപത്തിലെ വസ്തുത മനസിലാക്കാതെയാണ് ഡോക്ടറുടെ പേരടക്കം റിപ്പോർട്ട് ചെയ്തത്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ സർക്കാർ യുക്തമായ നടപടി സ്വീകരിക്കണമെന്നും കെ.ജി.എം.ഒ.എ ആവശ്യപ്പെട്ടു.