photo

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായ വട്ടോളി ബസാറിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നില്ലെന്ന് ആക്ഷേപം. അങ്ങാടിയിലെ കിനാലൂർ എസ്റ്റേറ്റ് റോഡ്, കരിയാത്തൻ കാവ് റോഡ് എന്നിവിടങ്ങളിൽ സ്ഥിതി പരമ ദയനീയമാണ്. ഏറെ തിരക്കുള്ള അങ്ങാടിയിൽ കിനാലൂർ ഭാഗത്തേക്ക് ബസ് കാത്തുനിൽക്കുന്നവരും കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരും മലിന ജലത്തിലൂടെ നടക്കേണ്ട അവസ്ഥയാണ്.

കരിയാത്തൻ കാവ് റോഡിലും സമാന സ്ഥിതിയാണ്. ഇവിടെ അഴുക്കുചാൽ ഉണ്ടെങ്കിലും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. തലങ്ങും വിലങ്ങും കിടക്കുന്ന സ്ലാബുകളും ചപ്പു ചവറുകളും കൊണ്ട് മൂടിയിരിക്കുകയാണ് ചാലുകൾ. ഇവയ്ക്ക് പുറമെ അഴുക്ക് ചാലിനോട് ചേർന്ന് നിൽക്കുന്ന വൻ മരങ്ങൾ ഏത് നിമിഷവും നിലംപതിക്കാവുന്ന നിലയിലാണ്. ഇത് കടകൾക്കും പൊതുജനങ്ങൾക്കും ഒരു പോലെ ഭീഷണി ഉയർത്തുന്നുണ്ട്. കച്ചവടക്കാർ മരങ്ങളുടെ കൊമ്പുകൾ മുറിച്ചു മാറ്റി അപകട സാദ്ധ്യത ഒഴിവാക്കാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

 ശുചീകരണത്തിനായി നേരത്തെ രണ്ടുപേരെ നിയമിച്ചെങ്കിലും അവർ പിന്മാറി. ആഴ്ചയിൽ രണ്ടുദിവസം പ്രധാന അങ്ങാടികൾ ശുചീകരിക്കാൻ ഒരാളെ നിയമിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ പ്രവൃത്തി തുടങ്ങും.

-റിജു പ്രസാദ്,

വാർഡ് മെമ്പർ,

പനങ്ങാട് ഗ്രാമപഞ്ചായത്ത്