കോഴിക്കോട്: ബീച്ചിലൊരുങ്ങുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് (തെരുവു ഭക്ഷണ വില്പന കേന്ദ്രം) തട്ടുകടയുടെ കൂടുതൽ മാതൃകകൾ ഉടനെത്തും. ഡി എർത്ത് ആർകിടെക്റ്റ് രൂപകല്പന ചെയ്ത് പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസ് നിർമ്മിച്ച തട്ടുകടയുടെ മാതൃക കഴിഞ്ഞ ദിവസം കോർപ്പറേഷൻ അവതരിപ്പിച്ചിരുന്നു. ഇത് വ്യാപാരികൾ അംഗീകരിച്ചു. ഇതേത്തുടർന്നാണ് 89 എണ്ണംകൂടി ഉടൻ എത്തിക്കാൻ തീരുമാനിച്ചത്. കടൽക്കാറ്റേറ്റ് തുരുമ്പ് പിടിക്കാതിരിക്കാൻ ഗുണമേന്മയുള്ള സ്റ്റീലാണ് ബങ്കുകളിൽ ഉപയോഗിച്ചിരിക്കുന്നത്. 4- 6 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഒരു തട്ടുകടയ്ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ ചെലവ് വരുമെന്നാണ് കണക്ക്.
കോഴിക്കോടിന്റെ പരമ്പരാഗത രുചിയും ഗുണനിലവാരമുള്ള ഭക്ഷണവും ശുചിത്വ പൂർണമായ അന്തരീക്ഷത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെൻഡിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
ബീച്ച് ആശുപത്രിക്ക് എതിർവശത്തെ ബീച്ചിൽ മണലെടുത്താകും വണ്ടികൾ ഉറപ്പിച്ച് നിർത്തുക. പ്ലാറ്റ്ഫോം ഒരുക്കുന്ന പ്രവർത്തനങ്ങങ്ങൾ 60 ശതമാനം പൂർത്തിയായി.
ഇവ പൂർണമായാൽ ബങ്കുകൾ ഉറപ്പിക്കാനുള്ള പ്രവൃത്തികൾ ആരംഭിക്കും. തുടർന്ന് വെളിച്ചം, ശുദ്ധജലം, മാലിന്യ സംസ്കരണം തുടങ്ങിയ സംവിധാനങ്ങളുമൊരുക്കും. കോർപ്പറേഷൻ എൻജിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. ഫെബ്രുവരിയിലാണ് ഫുഡ് സ്ട്രീറ്റിന്റെ ശിലാസ്ഥാപനവും പ്രവൃത്തി ഉദ്ഘാടനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചത്.
ഉന്തുവണ്ടികൾക്ക് മാത്രമായി ബീച്ചിൽ പ്രത്യേക മേഖലയൊരുക്കുന്ന വെൻഡിംഗ് സോൺ പദ്ധതിക്കൊപ്പമാണ് മോഡേൺ ഫുഡ് സ്ട്രീറ്റ് ഹബ് കൂടി നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, കോർപ്പറേഷൻ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പും ദേശീയ ആരോഗ്യദൗത്യവും തദ്ദേശസ്ഥാപനവുമായി ചേർന്ന് ഫുഡ് ഹബ് ഒരുക്കുന്നതായിരുന്നു കേന്ദ്രപദ്ധതി. പിന്നീട് കോർപ്പറേഷന്റെ വെൻഡിംഗ് സോൺ പദ്ധതിക്കൊപ്പം ചേർത്ത് ഒറ്റ പദ്ധതിയായി നടപ്പാക്കുകയായിരുന്നു.
ചെലവ് 4.06 കോടി
2.41 കോടി രൂപ എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായും ഒരു കോടി ഫുഡ് സേഫ്റ്റി വകുപ്പും ബാക്കി തുക കോർപ്പറേഷനുമാണ് വഹിക്കുന്നത്.
കച്ചവടക്കാർ ഹാപ്പിയാണ്. അവർക്ക് ബങ്കിന്റെ മാതൃക ഇഷ്ടമായി. ഇതേ രീതിയിലുള്ള മറ്റുള്ളവ ഉടനെത്തും. നവംബറിൽ മുഴുവൻ പണികളും തീർത്ത് ഫുഡ് സ്ട്രീറ്റ് ജനങ്ങൾക്ക് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
-പി.ദിവാകരൻ,
കോർപ്പറേഷൻ ക്ഷേമകാര്യ
സമിതി ചെയർമാൻ