കോഴിക്കോട്: ദിവസേന ആയിരത്തിലേറെ പേർ എത്തുന്ന കോഴിക്കോട് ബീച്ചിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആധുനിക ഫീഡിംഗ് സ്റ്റേഷൻ (മുലയൂട്ടൽ കേന്ദ്രം) ആരംഭിക്കുമെന്ന് പറഞ്ഞിട്ട് നാളുകളായി. സ്ഥലപരിശോധന നടന്നതല്ലാതെ മറ്റ് നടപടികളൊന്നുമായിട്ടില്ല. കഴിഞ്ഞ സെപ്തംബറിൽ ബീച്ചിലെ സ്ഥലം പരിശോധിച്ചിരുന്നു. സൗത്ത് ബീച്ചിലെ മാരിടൈം ബോർഡിന്റെ സ്ഥലവും കോർപ്പറേഷൻ ഓഫീസിനു മുൻവശത്തെ പൊലീസ് എയ്ഡ്പോസ്റ്റിന് സമീപവും ബോർഡ് ഉദ്യോഗസ്ഥരും ഡി.ടി.പി.സി സെക്രട്ടറിയും ലാൻഡ് മാനേജ്മെന്റ് യൂണിറ്റും പരിശോധന നടത്തിയിരുന്നു. സുരക്ഷിതമായ ഇടമെന്ന നിലയിൽ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം സ്ഥാപിക്കാനാണ് അന്ന് പ്രാഥമിക ധാരണയായത്. എന്നാൽ ഇപ്പോഴും സ്ഥലം എവിടെയാണെന്ന് കൃത്യമായി തീരുമാനിച്ചിട്ടില്ല. ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് ഡി.ടി.പി.സി പറയുന്നത്. ബീച്ചിൽ കെട്ടിടം പണിയാൻ കഴിയാത്തതിനാൽ അവിടെ സ്ഥാപിക്കാനാവുന്ന ചൂട് കുറഞ്ഞ സംവിധാനം വേണം. മികച്ച സൗകര്യമുള്ള സംവിധാനം ഒരുക്കണമെന്നുള്ളതിനാൽ അതിനുള്ള മെറ്റീരിയലിനെക്കുറിച്ച് കൂടുതൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്.

ചെലവ് 25 ലക്ഷം

അഹമ്മദ് ദേവർകോവിൽ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്ന് 25 ലക്ഷം രൂപ ചെലവിലാണ് സ്റ്റേഷൻ നിർമ്മിക്കുന്നത്.