മാവൂർ: അന്താരാഷ്ട്ര രംഗത്ത് കാൻസർ ചികിത്സയിൽ ലഭ്യമായ പുത്തൽ ചികിത്സാരീതികൾ പങ്കുവെക്കുന്നതിനും ഇന്ത്യൻ അവസ്ഥയിൽ ഏതൊക്കെ രീതിയിൽ പ്രയോഗിക്കാൻ കഴിയുമെന്ന് ചർച്ചചെയ്യുന്നതിനുമുള്ള വേദിയായി എം.വി.ആർ കാൻസർസെന്ററിൽ നടന്നുവരുന്ന കാൻകോൺ അന്താരാഷ്ട്ര സെമിനാർ. തലയിലും കഴുത്തിലും വരുന്ന കാൻസർ, കരൾ കാൻസർ, വയറിനുള്ളിലുണ്ടാകുന്ന കാൻസറുകൾ, രക്താർബുദം, തൊലിപ്പുറത്തുണ്ടാകുന്ന കാൻസർ, സ്തനാർബുദം എന്നിവയിൽ വിദഗ്ദ്ധരായ ഡോക്ടർമാർ പ്രബന്ധം അവതരിപ്പിച്ചു. ഒരിക്കൽ ചികിത്സിച്ചു ഭേദമായ രോഗം വീണ്ടും തിരിച്ചുവന്നാൽ എങ്ങിനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതായിരുന്നു ഈവർഷത്തെ കാൻകോണിന്റെ പ്രമേയം. കാൻസർ രോഗം രോഗിയെ മാത്രമല്ല, കുടുംബത്തെയും സാമ്പത്തികമായി ബാധിക്കമ്പോൾ സാമൂഹ്യ പ്രതിബദ്ധത നിലനിർത്തി ഫലപ്രദമായ ചികിത്സയിലൂടെ രോഗമുക്തി എന്നതാണ് കാൻകോണിലൂടെ ലക്ഷ്യമാക്കുന്നതെന്ന് എം.വി.ആർ കാൻസർ സെന്റർ സർജിക്കൽ ഓങ്കോളജി വകുപ്പുമേധാവി ഡോ. ശ്യാം വിക്രം പറഞ്ഞു. നാലു ദിവസമായി തുടരുന്ന സെമിനാർ ഇന്ന് ഉച്ചയോടെ സമാപിക്കും. എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.