കോട്ടയം : അന്തരീക്ഷം ശാന്തമായി. കാലവർഷം ഉയർത്തിയ ആശങ്കകൾ അകന്നു. എന്നിട്ടും ടൂറിസം മേഖലയിൽ ഉണർവില്ല.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആടിയുലയുകയാണ്. ഓണം സീൺ മുന്നിൽക്കണ്ട് സഞ്ചാരികൾക്കായി ടൂറിസം പാക്കേജുകളടക്കം ഒരുക്കിയിരിക്കിയപ്പോഴാണ് വയനാട് ദുരന്തം. മലബാർ മേഖലയിൽ നിന്നും തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ പേർ എത്തേണ്ടിയിരുന്നത്. ഇതോടെ മേഖലയാകെ മുടിപ്പിലായി. കാലവർഷത്തെ തുടർന്നുള്ള മണ്ണൊലിപ്പും, കാറ്റും മൺസൂൺ ടൂറിസത്തിന് തിരിച്ചടിയായിരുന്നു. രണ്ട് തവണ മലയോര ടൂറിസത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. കാലാവസ്ഥ അശാന്തമെന്നുള്ള പ്രചാരണം ടൂറിസ്റ്റുകളെ ഭയപ്പെടുത്തി. കഴിഞ്ഞ തവണ ഈ സമയത്ത് ഹൗസ് ബോട്ടുകൾ ഹൗസ് ഫുള്ളായിരുന്നെങ്കിൽ ഇക്കുറി പകുതി പോലും ആളില്ല. നെഹ്റു ട്രോഫി വള്ളിംകളി മാറ്റിവച്ചതും ഓണാഘോഷം ഒഴിവാക്കിയതും ദോഷകരമായി ബാധിച്ചു. പതിവായി എത്തേണ്ട വിദേശ സഞ്ചാരികൾ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോയി. ചുരുക്കം ചില റിസോർട്ടുകളിൽ മാത്രമാണ് തിരക്ക്.
ഞങ്ങൾ എങ്ങനെ ഓണമുണ്ണും
സഞ്ചാരികൾ കുറഞ്ഞതോടെ വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് കഴിയുന്ന നിരവധി തൊഴിലാളികളും പ്രതിസന്ധിയിലായി. ഈ സ്ഥിതി തുടർന്നാൽ ഓണം പട്ടിണിയാകുമെന്നാണ് ഇവർ പറയുന്നത്. നൂറുകണക്കിന് പേരാണ് കുമരകത്ത് മാത്രമുള്ളത്. പലരും വർഷങ്ങളായുള്ളവർ. സർക്കാർ ഇടപെട്ട് ടൂറിസം മേഖലയ്ക്ക് കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതീക്ഷയോടെ പാക്കേജ് റെഡി
കുമരകം, വാഗമൺ, ഇല്ലിക്കൽക്കല്ല് പ്രദേശങ്ങളിൽ ഈ വർഷം ഒരു ലക്ഷത്തിലേറെപ്പേർ വന്നെന്നാണ് ഡി.ടി.പി.സി കണക്ക്. ഓണം മുതൽ ക്രിസ്മസ്, ന്യൂ ഇയർ വരെയുള്ള സീസണിനായി ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിൽ പോകുംവിധമാണിത്.
പ്രതിസന്ധികൾ
കാലാവസ്ഥാ പ്രശ്നം
ജലമേളകൾ മാറ്റിവച്ചു
ബുക്കിംഗുകൾ റദ്ദാക്കി
വിദേശസഞ്ചാരികളില്ല
'' കേരളത്തിൽ ദുരന്തമെന്ന പ്രചാരണം മേഖലയ്ക്കാകെ ദോഷമാണ്. സാധാരണ ഓണം മുതൽ ക്രിസ്മസ് വരെ ബുക്കിംഗ് ഉണ്ടാവേണ്ടതാണ്''
ഷനോജ് ഇന്ദ്രപ്രസ്ഥ, സംരഭകൻ