മുണ്ടക്കയം : 2021 ഒക്ടോബർ 16. ആ ദിനം എങ്ങനെ മറക്കും. കുതിച്ചെത്തിയ മലവെള്ളം ഒരു നാടിനെ ദുരന്തത്തിലേക്ക് തള്ളിവിട്ട നിമിഷം. ആ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ പലരും ഇപ്പോഴും കണ്ണീരണിയുകയാണ്. 22 ജീവനുകൾ അപഹരിച്ച മഹാപ്രളയം നൽകിയ തീരാവേദനയിൽ നിന്ന് മലയോരം ഇപ്പോഴും മുക്തമായിട്ടില്ല. വയനാട് ദുരന്തം ടെലിവിഷനുകളില്‍ നിറയുമ്പോള്‍ പലരും ഭീതിയിലാണ്. കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് മഹാപ്രളയം വഴിയാധാരമാക്കിയത്. മലയോരമേഖലയെ തകർത്തെറിഞ്ഞ ഉരുൾപൊട്ടലിൽ ആയിരക്കണക്കിനു വീടുകൾ ഒലിച്ചുപോയി. ഏക്കറുകണക്കിനു കൃഷിയിടങ്ങൾ പൂർണ്ണമായി നഷ്ടപ്പെട്ടു. പ്രളയം ഒഴുകിയൊഴിഞ്ഞ് രണ്ടരവർഷം പിന്നിട്ടിട്ടും തീർന്നിട്ടില്ല പ്രദേശവാസികളുടെ ദുരിതം. വാസയോഗ്യമല്ലാതായ ഒട്ടേറെ വീടുകൾ ഇപ്പോഴും ദുരന്തമേഖലകളിലുണ്ട്. സർവതും നഷ്ടപ്പെട്ട് നാടുവിട്ട പലരും ഇപ്പോഴും തിരികെയെത്തിയിട്ടില്ല. സർക്കാർ സംവിധാനത്തിൽ ഒട്ടേറെപ്പേർക്ക് നഷ്ടപരിഹാരം ലഭിച്ചു. എന്നാൽ സർവതും നശിച്ച് കടക്കെണിയിലായി ഏറെപ്പേർ ഇപ്പോഴുമുണ്ട്.
തകർന്നത് 44 പാലങ്ങൾ
പ്രളയത്തിൽ മേഖലയിൽ തകർന്നത് 44 പാലങ്ങളാണ്. ഇതിൽ നാലെണ്ണം പോലും പുനർനിർമ്മിക്കാൻ ഇതുവരെ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം, കൊക്കയാർ പഞ്ചായത്ത് ഓഫീസിനു സമീപത്തെ കൊക്കയാർ പാലം എന്നിവയും തകർന്നവയിൽപ്പെടുന്നു. യാത്രാദുരിതമേറിയതോടെ പ്രദേശവാസികൾ ചേർന്ന് ഏന്തയാറിൽ ജനകീയപാലം നിർമ്മിച്ചു.
ഇളങ്കാട് പാലം മാത്രമാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ദുരന്തഭൂമിയിൽ നിന്ന് ഒഴിപ്പിച്ചവർ ദുരിതത്തിൽ
ഏഴുപേരുടെ മരണത്തിനിടയാക്കിയ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിലെ ദുരന്ത ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഈ പ്രദേശം താമസ യോഗ്യമല്ലന്ന കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് നിരവധിപ്പേരെ മാറ്റിയെങ്കിലും പകരം സംവിധാനമൊരുക്കി നൽകിയിട്ടില്ല. പലരും വാടകവീടുകളിലും, ബന്ധുവീടുകളിലുമാണ് കഴിയുന്നത്. എങ്ങോട്ടും പോകാതെ ഇവിടെ താമസിക്കുന്നവരുമുണ്ട്. അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ പാറകൾ പൊട്ടിച്ചെങ്കിലും നീക്കം ചെയ്തിട്ടില്ല. ഏതു സമയവും ഇത് താഴേക്ക് പതിക്കുന്ന നിലയിലാണ്. മഴ കനത്താൽ ഇതുവഴി കാൽനടയാത്ര പോലും നാട്ടുകാർ ഭയമാണ്.
''കൊക്കയാര്‍ പാലം നിർമ്മാണത്തിന് ഫണ്ട് അനുവദിച്ച് കരാർ കൊടുത്തെങ്കിലും ഉപേക്ഷിച്ചമട്ടാണ്. പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ സമരം പ്രഖ്യപിച്ചപ്പോള്‍ മരം മുറിച്ചു നീക്കി വീണ്ടും ജനങ്ങളെ കബളിപ്പിച്ചു. യാത്രാ ക്ലേശം രൂക്ഷമായിട്ടും അധികൃതർക്ക് അനക്കമില്ല.
രഘുനാഥൻ, കൊക്കയാർ