വാഴൂർ: കാത്തിരിപ്പിന് വിരാമമാവുന്നു. പുതുപ്പള്ളിക്കുന്ന് റോഡ് നവീകരിക്കുന്നു. വാഴൂർ ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലൂടെ കടന്നുപോകുന്നതാണ് റോഡ്. 50 വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ചതാണ്. ചെറുവാഹനങ്ങൾക്ക് മാത്രം കഷ്ടിച്ച് ഇതുവഴി കടന്നുപോകാനേ കഴിയൂ. റോഡ് വീതികൂട്ടി നവീകരിക്കുന്നതോടെ ഈ പ്രശ്നം തീരും.
വാർഡ് മെമ്പർ എസ്.അജിത്കുമാറിന്റെ നേതൃത്വത്തിൽ റോഡിന് ആവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയായി. പഞ്ചായത്തിന്റെ തനതുഫണ്ടിൽനിന്നാണ് നിർമ്മാണത്തിനാവശ്യമായ തുക അനുവദിച്ചത്. റോഡിനിരുവശവും താമസിക്കുന്ന വീട്ടുകാർ സൗജന്യമായി സഥലം വിട്ടുനൽകിയതോടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് വേഗതയേറുകയായിരുന്നു. 50 വർഷങ്ങൾക്ക് മുമ്പ് റോഡ് നിർമ്മാണ സമയത്ത് ഇവിടെ വളരെ കുറച്ച് വീടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് വീടുകൾ കൂടി. മിക്ക വീട്ടിലും വാഹനങ്ങളുമുണ്ട്. ഇതോടെ റോഡിന്റെ വീതി കുറവ് വലിയൊരു പ്രശ്നമാവുകയായിരുന്നു. നാട്ടുകാർ വളരെ ഉത്സാഹത്തോടെ നിർമ്മാണപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുവെന്നത് ശ്രദ്ധേയമാണ്. എല്ലാവരുടെയും സഹകരണത്തോടുകൂടി റോഡിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് എസ്.അജിത്കുമാർ പറഞ്ഞു.