മുണ്ടക്കയം : കാഞ്ഞിരപ്പള്ളി താലൂക്കിലെ മലയോര മേഖലയിൽ പട്ടയ വിതരണത്തിനുള്ള നടപടികൾ വേഗത്തിലാക്കിയ സർക്കാർ നിലപാട് സ്വാഗതാർഹമാണെന്ന് പട്ടയാവകാശ പ്രക്ഷോഭ സമിതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ മനുഷ്യരെയും ഭൂമിയുടെ അവകാശികളാക്കണമെന്ന മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടാണ് പട്ടയനടപടികൾ വേഗത്തിലാക്കിയത്. മുഴുവൻ ആളുകളുടെയും കൈവശഭൂമിക്കു പട്ടയം നൽകണമെന്നാവശ്യപ്പെട്ട് നവോത്ഥാന പ്രസ്ഥാനമായ മല അരയ മഹാസഭയും കർഷകരും സംയുക്തമായി നടത്തിയ സമരമാണ് ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുന്നത്. പതിനായിരത്തിലേറെ അപേക്ഷകർക്ക് പട്ടയ വിതരണ നടപടികൾക്കായി കേവലം 17 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. പരിചയസമ്പന്നരായ കൂടുതൽ ഉദ്യോഗസ്ഥരെ ഇതിനായി നിയമിക്കണം. ഇപ്പോൾ താലൂക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പട്ടയം ഓഫീസ് അടിയന്തിരമായി മുണ്ടക്കയത്തെ നിർദ്ദിഷ്ട ഓഫീസിലേക്ക് മാറ്റി സർവ്വേ അടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണം. ഓരോരുത്തരുടെയും വസ്തുവിൽ നിൽക്കുന്ന മരങ്ങൾക്ക് പ്രത്യേക നികുതി അടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ഒടുവിലത്തെ കർഷകനും പട്ടയം ലഭിക്കുന്നത് വരെ കർഷകരോടൊപ്പം നിലയുറപ്പിക്കുമെന്ന് പട്ടയാവകാശ പ്രക്ഷോഭ സമിതി കൺവീനർ പി.കെ. സജീവ്, ചെയർമാൻ പി.ഡി ജോൺ, മറ്റു നേതാക്കളായ സി.എ. മുഹമ്മദ് ബഷീർ, രാജൻ ദേവദാസ്, സാബു തോമസ്, കെ.എൻ. പത്മനാഭൻ, എം.ബി. രാജൻ, കെ.എൻ രാജേന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.