കോട്ടയം: പാക്കിൽ ചിങ്ങവനം റോഡ് നന്നാക്കാൻ ഇനിയുമെത്രനാൾ കാത്തിരിക്കണം. ഈ റോഡൊന്നു കടന്നുകിട്ടണമെങ്കിൽ വാഹനയാത്രികർ പാടുപെടണം. ഇന്റർലോക്ക് ചെയ്യുമെന്ന വാഗ്ദാനം പാഴ് വാക്കുമായി.
എം.സി റോഡിന് സമാന്തരമായ പാതയാണ് റോഡ്. തകർന്നു തരിപ്പണമായിട്ട് നാളുകളേറെയായി. ചെറുതും വലുതുമായ നിരവധി കുഴികളും രൂപപ്പെട്ടതോടെ റോഡിലൂടെയുള്ള യാത്ര ദുഷ്‌ക്കരമായി. ദിനംപ്രതി നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളും സ്‌കൂൾ ബസുകളും കടന്നുപോകുന്ന പ്രധാന പാതയാണിത്. എം.സി റോഡിലെ തിരക്കൊഴിവാക്കുന്നതിനായി നിരവധി പേരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
കുഴിയും വെള്ളക്കെട്ടും അപകടവും
തുടർച്ചയായി പെയ്ത മഴയിൽ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്ന നിലയിലാണ്. ചെറുവാഹനങ്ങൾ കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കുഴിയിൽ ചാടി മറിയുന്ന ഇരുചക്രവാഹന യാത്രികരെ രക്ഷിക്കലാണ് ഇപ്പോൾ തന്റെ പ്രധാന പണിയെന്ന് റോഡിന് സമീപത്തെ വർക് ഷോപ്പ് ഉടമ പറയുന്നു. രാത്രികാലങ്ങളിൽ റോഡിലൂടെയുള്ള യാത്ര ഏറെ ക്ലേശകരം. കുഴി അറിയാതെ അപകടത്തിൽപ്പെടുന്നവരും ഏറെ. വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിക്കുന്നു. റോഡിൽ വേഗത കുറച്ചുപോകണമെന്നുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
കണ്ടില്ലെന്ന് നടിച്ച് അധികൃതർ
റോഡ് തകർന്ന് കിടക്കുന്നത് സംബന്ധിച്ച് പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലായെന്നാണ് ആക്ഷേപം. ഇന്റർലോക്ക് കട്ടകൾ റോഡിൽ പാകുമെന്നറിയിച്ചെങ്കിലും നാളിതുവരെ നടപടി ആയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിലൂടെയുള്ള യാത്ര ദുഷ്‌ക്കരമായതോടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി മറ്റ് റോഡുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് വാഹനയാത്രികർ.
തകർന്ന റോഡിലെ കുഴികൾ അടച്ച് വെള്ളക്കെട്ടും ഒഴിവാക്കി റോഡ് സഞ്ചാരയോഗ്യമാക്കണം. -നാട്ടുകാർ