കോട്ടയം: വേദഗിരി ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ കർക്കടക വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കാൽ ലക്ഷത്തോളം ആളുകൾ ഇത്തവണ വാവുബലിക്കായി ക്ഷേത്രത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർഷവും കർക്കടക മാസത്തിലെ അമാവാസി ദിനത്തിൽ ആയിരക്കണക്കിന് ഭക്തർ വേദഗിരിയിലെ തീർത്ഥച്ചിറയിൽ ബലിതർപ്പണം നടത്തുവാൻ എത്തുന്നു. ഓരോ വർഷവും ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുകയാണ്. ആറ് ബലിത്തറകളിലായി ഏഴ് പൂജാരിമാരാണ് ബലിതർപ്പണ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്. 30 സഹകാർമികരും ഉണ്ടാവും. ഒരേ സമയം പതിനായിരം പേരെ ഉൾക്കൊള്ളാനുള്ള സൗകര്യം തീർത്ഥചിറയിലുണ്ട്. കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ്, ആംബുലസ് സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ചുക്കു വെള്ളം, കുടിവെള്ളം വിതരണവുമുണ്ടാകും. ക്ഷേത്രത്തിൽ ദേവപ്രശ്‌ന വിധിപ്രകാരമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. വർഷംതോറും വർദ്ധിച്ചുവരുന്ന ഭക്തജനത്തിരക്ക്കൂടി കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നതായി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.