road-danger

പാലാ: റിവർവ്യൂ റോഡിൽ വലിയ പാലത്തിന് സമീപം ഹോട്ടലിനോട് ചേർന്ന് റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായത് നന്നാക്കാൻ നടപടികളായി. ഇവിടം കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് നാല് ലക്ഷം രൂപയുടെ ഭരണാനുമതി ആയതായി പി.ഡബ്ല്യു.ഡി. പാലാ റോഡ്‌സ് അസി. എൻജിനീയർ അനു ''കേരള കൗമുദി''യോട് പറഞ്ഞു. ഇതിനുള്ള സങ്കേതിക അനുമതി തേടിയിട്ടുണ്ടെന്നും എത്രയുംവേഗം ഇത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വിശദീകരിച്ചു.

ഒരു മാസത്തിനുള്ളിൽ പണികൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇവിടെ സാധാരണ ഗതിയിലുള്ള കൽക്കെട്ടുകൊണ്ട് പ്രയോജനമില്ലെന്ന് കണ്ടെത്തിയിരുന്നു. കോൺക്രീറ്റ് ചെയ്ത് ഈ ഭാഗം ബലപ്പെടുത്തുക മാത്രമാണ് പോംവഴി. ഇതോടൊപ്പം പുതിയ റിവർവ്യൂ റോഡിന്റെ ഭാഗം കൂടി ഇവിടേക്ക് ചേരുന്നതോടെ കെട്ടിന് കൂടുതൽ ബലമുണ്ടാകും. റിവർവ്യൂ റോഡിന്റെ പുതിയ നിർമ്മാണത്തോട് ചേർന്നാണ് റോഡ് ഇടിഞ്ഞിരിക്കുന്നത്. നേരത്തെ വീപ്പകൾ വച്ച് പി.ഡബ്ല്യു.ഡി. അധികാരികൾ അപകട സൂചന നൽകിയിരുന്നെങ്കിലും കഴിഞ്ഞ കുറേ നാളുകളായി ഈ വീപ്പകൾ പോലും ഇവിടെയില്ല. ആക്രികച്ചവടക്കാർ വീപ്പ മോഷ്ടിച്ചുകൊണ്ട് പോകുകയായിരുന്നുവെന്ന് ആരോപണം ഉയർന്നു. ബുധനാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലും ഇവിടുത്തെ ഈ അപകടക്കുഴിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനിയും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച് ഇന്നലെ ''റോഡ് ഇടിഞ്ഞത് ചർച്ചയായി, പരിഹാരം ഉടനുണ്ടാകും...'' എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.


സുനിൽ പാലാ

ഫേട്ടോ അടിക്കുറിപ്പ്
റിവർവ്യൂ റോഡിന്റെ ഭാഗം ഇടിഞ്ഞത് സംബന്ധിച്ച് ഇന്നലെ കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്ത.