ചങ്ങനാശേരി: വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി 50 ലക്ഷം രൂപ നൽകാൻ എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ തീരുമാനിച്ചു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ദുരന്തഭൂമിയിൽ ജീവൻപൊലിഞ്ഞവർക്ക് യോഗത്തിൽ അനുശോചനവും രേഖപ്പെടുത്തി. ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം യൂണിയനിലും 59 ശാഖകളിലും ലളിതമായി നടത്തുവാനും ശാഖകളിൽ ആഘോഷങ്ങൾക്കായി സമാഹരിക്കുന്ന തുകയിൽ നിന്നും നിശ്ചിത തുക ഈ ഫണ്ടിലേക്ക് നൽകണമെന്നും കൗൺസിൽ നിർദേശിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, കൗൺസിൽ അംഗങ്ങളായ അജയകുമാർ, പി.ബി രാജീവ്, മനോജ് കുമാർ, പി.എസ് കൃഷ്ണൻകുട്ടി, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.