signal

പൊൻകുന്നം: ദേശീയപാത 183ൽ ദിശാ സൂചനാബോർഡുകൾ കാണണമെങ്കിൽ മഷിയിട്ട് നോക്കണമെന്നതായി അവസ്ഥ.

കാട് കയറിയും എഴുത്തുകൾ മാഞ്ഞും പായൽ മൂടിയും ബോർഡുകൾ അവ്യക്തമായി. ഡ്രൈവർമാർക്ക് ബോർഡ് കാണണമെങ്കിൽ മിക്കയിടത്തും കാട് വകഞ്ഞ്മാറ്റി നോക്കണം. പായലും ചെളിയും പിടിച്ച് അവ്യക്തമായ ബോർഡുകളുടെ അടുത്ത്‌ ചെന്ന്‌ നോക്കിയാൽ പോലും അക്ഷരങ്ങൾ വ്യക്തമല്ല. അധികൃതരുടെ അശ്രദ്ധയും അനാസ്ഥയുമാണ് ഏറെ പ്രാധാന്യമുള്ള അടയാള ബോർഡുകൾ അവ്യക്തമാകാൻ കാരണം. പൊൻകുന്നം മുതൽ മുണ്ടക്കയം വരെ യാത്ര ചെയ്താൽ ഇതുപോലെ നിരവധി ബോർഡുകൾ കാണാം. കാലാകാലങ്ങളിൽ വഴിയോരത്തെ കാടുകൾ തെളിക്കണമെന്നും മാഞ്ഞുപോകുന്ന ബോർഡുകൾ മാറ്റി സ്ഥാപിക്കുകയോ പുതുക്കി എഴുതുകയോ ചെയ്യേണ്ടതുമാണ്. ബന്ധപ്പെട്ട അധികാരികൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് മാത്രമല്ല പരാതി എത്തിയാൽപോലും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്.
വിവിധ നാടുകളിൽനിന്നെത്തുന്ന ശബരിമല തീർത്ഥാടകർക്കും വിദേശത്തുനിന്നടക്കം വരുന്ന വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനമാകുന്ന ദിശാസൂചക ബോർഡുകളാണ് നശിക്കുന്നത്. ചെളിയും പായലും പിടിച്ച ബോർഡുകൾ ചില സന്നദ്ധസംഘടനാ പ്രവർത്തകർ മുമ്പ് വൃത്തിയാക്കിയിരുന്നു. എന്നാൽ അതുകൊണ്ടും തെളിയാത്തവിധം ബോർഡുകൾ മാഞ്ഞുപോയിട്ടുണ്ട്. ദേശീയപാത അധികൃതർ അടിയന്തിരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.