കോട്ടയം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിൽ ആഗസ്റ്റ് 10ന് നടക്കേണ്ട നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചത് പരിശീലനം തുടങ്ങിയ ബോട്ട് ക്ലബുകളെ വൻ കടക്കെണിയിലാക്കും. അതേസമയം ആഘോഷങ്ങൾ ഒഴിവാക്കി ആഗസ്റ്റ് 10ന് തന്നെ വള്ലംകളി നടത്തണമെന്നാണ് ബോട്ട് ക്ലബുകളുടെ ആവശ്യം. കുമരകം ടൗൺ ബോട്ട് ക്ലബ് നടുഭാഗത്തിലും കുമരകം ബോട്ട് ക്ലബ് മേൽപ്പാടം ചുണ്ടനിലും ചങ്ങനാശേരി ബോട്ട് ക്ലബ് വലിയദിവാൻജിയിലും പരിശീലനം ആരംഭിച്ചിരുന്നു. വള്ളംകളി സെപ്തംബറിലേക്ക് മാറ്റിയതോടെ ചെലവ് കുറയ്ക്കാൻ ക്ലബുകൾ ടീം പിരിച്ചുവിട്ടു. മത്സരമെന്നെന്ന് അറിഞ്ഞ ശേഷം വീണ്ടും പരിശീലനം തുടങ്ങും.
ഒന്നര ലക്ഷം രൂപയാണ് ഒരു ദിവസത്തെ പരിശീലന ചെലവ്. നാട്ടുകാരായ തുഴച്ചിലുകാർക്ക് 1200 രൂപയും കയാക്കിംഗ് താരങ്ങളായ അന്യസംസ്ഥാനക്കാർക്ക് ഇരട്ടിയും കൂലി നൽകണം. ഭക്ഷണത്തിന് മാത്രം ദിവസവും 30000 രൂപയാകും.
കുമരകം ടൗൺ ബോട്ട് ക്ലബ് പരിശീലനം തുടങ്ങിയിട്ട് പത്തു ദിവസമായി. 15 ലക്ഷം രൂപയിലേറെ ചെലവായി. കുമരകം ബോട്ട് ക്ലബിന് അഞ്ചു ദിവസത്തെ പരിശീലനചെലവ് പത്തു ലക്ഷത്തോളമായി. കോട്ടയത്ത് നിന്നുള്ള മൂന്ന് ടീമുകൾക്ക് ഇതുവരെ അമ്പതു ലക്ഷത്തോളം രൂപ പരിശീലനത്തിന് ചെലവ് വന്നു. ആലപ്പുഴയിൽ ലക്ഷങ്ങൾ ചെലവഴിച്ച് ഒരു മാസം മുമ്പ് പരിശീലനം ആരംഭിച്ച ക്ലബുകളുമുണ്ട്.
തുഴച്ചിൽകാരെ തിരിച്ചയ്ക്കണം
30 അന്യസംസ്ഥാന തുഴച്ചിൽകാർ വരെ ഒരു ചുണ്ടനിലുണ്ടാകും. വിമാനത്തിൽ കൊണ്ടുവന്നവരെ മത്സരം നീട്ടിയതോടെ നാട്ടിലേക്ക് തിരിച്ചയ്ക്കണം. നെഹ്റുട്രോഫി വീണ്ടും നടത്തുമ്പോൾ തിരിച്ചുകൊണ്ടുവരണം. വിമാന ടിക്കറ്റ് നിരക്ക് തന്നെ ലക്ഷങ്ങൾ വരും.
നെഹ്റുട്രോഫി നീട്ടിവെച്ചതിന്റെ അധിക ചെലവ് ക്ലബുകൾ വഹിക്കണം. ബോട്ട് ക്ലബുകൾ കുത്തുപളയെടുക്കുന്ന സ്ഥിതിയാണ്.
പി.ഐ.എബ്രഹാം (രക്ഷാധികാരി കുമരകം ബോട്ട് ക്ലബ് )