തൊഴിലുറപ്പ് പദ്ധതിയിൽ കൊഴിഞ്ഞുപോക്ക്
കോട്ടയം: കാലാനുസൃതമായി വേതനത്തിൽ വർദ്ധന ഉണ്ടാകാത്തത് മൂലം തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും കൊഴിഞ്ഞുപോക്ക് വർദ്ധിക്കുന്നു. ഇതോടെ പല പഞ്ചായത്തുകളിലും ജോലികൾ പ്രതിസന്ധിയിലായി. ചില ജോലികൾക്ക് അനുമതി ഇല്ലാതായതും പദ്ധതിക്ക് തിരിച്ചടിയായി. ഓരോ വർഷവും തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രം അനുവദിക്കുന്ന തുകയും കുറയുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ സജീവമല്ലാത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിരവധി തൊഴിൽ കാർഡുകൾ റദ്ദാക്കിയിരുന്നു. പ്രതിദിനം 346 രൂപയാണ് വേതനം. മുൻപ് 333 രൂപയായിരുന്നു. ബഡ്ജറ്റിൽ 13 രൂപ വർദ്ധിപ്പിച്ചിരുന്നു. പലപ്പോഴും ഇത് കുടിശികയാണ്. സംസ്ഥാനത്ത് ആകെ 20,13,003 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ളത്.
ബഡ്ജറ്റ് വിഹിതം ഇങ്ങനെ:
2020-21: 1, 10,000 കോടി
2021-22: 98000 കോടി
2022-23: 84000
2023-24ൽ: 60000 കോടി
റദ്ദാക്കിയത് 4499 തൊഴിൽ കാർഡുകൾ
പദ്ധതിയിൽ സജീവമല്ലാത്തവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി 4499 തൊഴിൽ കാർഡുകളാണ് ജില്ലയിൽ റദ്ദാക്കിയത്.
വർഷങ്ങളായി ജോലിക്ക് അപേക്ഷിക്കാതിരിക്കുന്നവർ, മരണപ്പെട്ടവർ, താമസം മാറ്റിയവർ എന്നിവരെയാണ് ഒഴിവാക്കുന്നത്. ചട്ടങ്ങൾ പാലിക്കാതെയാണ് തൊഴിൽ കാർഡുകൾ റദ്ദാക്കുന്നതെന്ന ആക്ഷേപമുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനമാണ് വ്യാപകമായ റദ്ദാക്കൽ തുടങ്ങിയത്. ഓണക്കാലത്തെ 1000 രൂപ ബോണസ് നൽകാതിരിക്കാനാണ് തിരിക്കിട്ട് കാർഡുകൾ റദ്ദാക്കുന്നതെന്നും ആരോപണമുണണ്ട്. 100 ദിനങ്ങൾ ജോലി ചെയ്തവരും നിലവിൽ തൊഴിൽ കാർഡുള്ളവരുമാണ് ബോണസിന് അർഹരാവുന്നത്. ജോലിക്ക് അപേക്ഷിച്ചിട്ടും കിട്ടാതെവരുന്നതോടെ പഞ്ചായത്തിൽ അന്വേഷിച്ചെത്തുമ്പോഴാണ് കാർഡ് റദ്ദായതായി തൊഴിലാളികൾ അറിയുന്നത്. സാങ്കേതിക തകരാറാണെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈമലർത്തും.
സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കും
കൃഷിയിടങ്ങൾ, പുരയിടങ്ങൾ വൃത്തിയാക്കൽ, തൊഴുത്ത് നിർമാണം എന്നിവയടക്കമുള്ള ജോലികൾക്ക് സ്ഥലഉടമയും തൊഴിൽ കാർഡുകലെടുക്കണം. തൊഴിൽ ലക്ഷ്യമിട്ടല്ല, ഇവർക്ക് കാർഡ്. ഇത്തരത്തിൽ സജീവമല്ലാത്തവരെയാണ് ഒഴിവാക്കുന്നതെന്ന് അധികൃതർ പറയുന്നു. നിലവിൽ ജോലിയെടുക്കുന്നവരുടെ കാർഡ് റദ്ദാക്കില്ല. സാങ്കേതിക പ്രശ്‌നങ്ങളാണെങ്കിൽ പരിഹരിക്കും.