rd

അരീപ്പറമ്പ്: പൈപ്പ് സ്ഥാപിക്കുന്നതിനായി വാ‌ട്ടർ അതോറിറ്റി അരീപ്പറമ്പ് പള്ളിക്കത്തോട് റോഡ് കുഴിച്ചത് തകർച്ചയിലായിരുന്ന റോഡിനെ കൂടുതൽ പരിതാപകരമാക്കി. കുഴികൾ താൽക്കാലികമായി അടച്ച് അധികൃതർ പിൻവാങ്ങിയെങ്കിലും ഈ റോഡിലൂടെയുള്ള യാത്ര ഇപ്പോൾ കഠിനമാണ്. ഒറവയ്ക്കൽ, പൂതിരി, ളാക്കാട്ടൂർ, കൂരോപ്പട, അരീപ്പറമ്പ്, പള്ളിക്കത്തോട് എന്നിവിടങ്ങളിലാണ് റോഡുകൾ തകർന്നു തരിപ്പണമായത്. അരീപ്പറമ്പ് ക്ഷേത്രത്തിന് സമീപത്തായി റോഡിന് മദ്ധ്യഭാഗത്തായി നടക്കുന്ന നിർമ്മാണ പ്രവർത്തനം താൽക്കാലികമായി നിലച്ചതോടെ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

റോഡ് നീളെ കുഴികൾ
ഒറവയ്ക്കൽ ജംഗ്ഷൻ മുതൽ കൂരോപ്പട പള്ളിക്കത്തോട് വരെ നീണ്ടു കിടക്കുന്ന റോഡ് നിറയെ കുഴികളാണ്. ചെറുതും വലുതുമായ കുഴികളും വെള്ളക്കെട്ടുമാണ് ഇവിടെ. റോഡിലെ ടാറിംഗ് മാറി മെറ്റലും കല്ലും ചരലും ചെളിയും നിറഞ്ഞു. നിരവധി സ്വകാര്യ ബസുകൾ, സ്‌കൂൾ ബസുകൾ, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയവ കടന്നുപോകുന്ന റോഡാണിത്. ആരാധാനാലയങ്ങൾ, ബാങ്ക്, സ്‌കൂൾ, ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളും റോഡരികിൽ സ്ഥിതി ചെയ്യുന്നുണ്ട്.
കൂടാതെ, പാലാ, പാമ്പാടി എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ പോകാവുന്നതിനാൽ നിരവധി പേരാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. പ്രധാന വെള്ളച്ചാട്ടമായ അരുവിക്കുഴിയിലേക്ക് എത്തിച്ചേരാനുള്ള ഏക പാതകൂടിയാണിത്.

നടുവൊടിക്കും കുഴികൾ
കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവം. രാത്രികാലങ്ങളിൽ റോഡിലെ കുഴികൾ അറിയാതെ എത്തുന്നവരാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്.