paalam

മുണ്ടക്കയം : ഉപരിതല നവീകരണം നടത്താൻ അടച്ചിട്ട കോസ് വേ പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു. 2021ലെ പ്രളയത്തിൽ പാലത്തിന്റെ ഉപരിതല കോൺക്രീറ്റിംഗ് തകർന്നിരുന്നു. തുടർന്ന് പൊതുമരാമത്ത് പാലം വിഭാഗം മുഖേന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുൻകയ്യെടുത്ത് 8.5 ലക്ഷം രൂപ അനുവദിപ്പിച്ചാണ് പാലംത്തിന്റെ ഉപരിതല കോൺക്രീറ്റ് ചെയ്തത്. പ്രളയത്തിൽ പാലത്തിന്റെ കൈവരി തകർന്നു പോയത് മുൻപ് പുനസ്ഥാപിച്ചിരുന്നു. പാലത്തിന്റെ അനുബന്ധ സംരക്ഷണഭിത്തി പുനർ നിർമ്മിക്കുകയും ചെയ്തിരുന്നു. പാലം റീ കോൺക്രീറ്റിംഗിന്റെ ഭാഗമായി പാലത്തിൽ സ്ഥാപിക്കപ്പെട്ടിരുന്ന വിവിധ പൈപ്പുകൾ നീക്കം ചെയ്തതോടെ പാലത്തിന്റെ കൂടുതൽ വീതിയായി. ഉപരിതല നവീകരണം നടത്തിയ പാലത്തിന്റെ റീ ഓപ്പണിംഗ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രളയത്തെ അതിജീവിക്കത്തക്കവണ്ണം കോസ് വേ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി ഉള്ള സർവ്വേ നടപടികൾ ആരംഭിച്ചിട്ടുള്ളതായും എം.എൽ.എ അറിയിച്ചു.