കോട്ടയം: കോടിമത രണ്ടാംപാലം നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അപ്രോച്ച് റോഡ് വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു. അപ്രോച്ച് റോഡ് ഭാഗം കുറ്റിക്കാടുകളും മരങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. ഈ ഭാഗമാണ് ജെ.സി.ബി ഉപയോഗിച്ച് വൃത്തിയാക്കിയത്. അപ്രോച്ച് റോഡിനാവശ്യമായ മണ്ണ് പാലത്തിനടുത്തേക്ക് എത്തിക്കാനായി പാതയും സജ്ജമാക്കി. വരും ദിവസങ്ങളിൽ കോട്ടയം നഗരഭാഗത്തേക്കുള്ള അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്ത് മണ്ണ് നിറയ്ക്കുന്ന ജോലികൾ ആരംഭിക്കും.
പദ്ധതിക്ക് പുതുജീവൻ
എം.സി. റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കോടിമതയിൽ നിലവിലെ പാലത്തിനൊപ്പം രണ്ടാമത്തേത് നിർമ്മിക്കാൻ നടപടി തുടങ്ങിയത്. ഏഴു വർഷമായി മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇന്നലെ തുടക്കമായത്. നിർമാണം പൂർത്തിയാക്കാനായി 6.50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആകെ നിർമ്മാണചെലവ് 17 കോടിയാണ്. 18 മാസം നിർമ്മാണ കാലാവധി നിശ്ചയിച്ച് 2015 ആഗസ്റ്റിലാണ് പാലത്തിന്റെ ജോലികൾ ആരംഭിച്ചത്. കെ.എസ്.ടി.പിക്കായിരുന്നു നിർമ്മാണച്ചുമതല. പാലത്തിന് താഴെ താമസിച്ചിരുന്ന രണ്ട് കുടുംബത്തെ മാറ്റി താമസിപ്പിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതേതുടർന്ന് നിർമ്മാണം നിലച്ചു. നഗരസഭ ഒരു കുടുംബത്തിന് ലൈഫ് പദ്ധതി വഴി വീടും സ്ഥലവും ഒരുക്കിയെങ്കിലും രണ്ടാമത്തെ കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നത് നീണ്ടു. 2021 ഫെബ്രുവരിയിൽ സന്നദ്ധ സംഘടന താൽപര്യമെടുത്ത് സ്ഥലവും വീടും ലഭ്യമാക്കിയതോടെ ഇവരെയും മാറ്റി. നിർമ്മാണത്തിൽനിന്ന് പിൻവാങ്ങുന്നതിനായി കരാറുകാരൻ സർക്കാരിന് കത്ത് നൽകിയതോടെ വീണ്ടും പ്രതിസന്ധിയായി. മന്ത്രി മുഹമ്മദ് റിയാസും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നടത്തിയ ചർച്ചയിൽ സ്ഥലം ഏറ്റെടുത്ത് എസ്റ്റിമേറ്റ് പുതുക്കുകയായിരുന്നു. ഇതേതുടർന്ന് പുതിയ ടെൻഡറിൽ പഴയ കരാറുകാരൻ തന്നെ ജോലി ഏറ്റെടുത്തു.