urul

പാലാ: വർഷം അമ്പത് കഴിഞ്ഞിട്ടും ഇന്നലെയെന്നപ്പോലെ ഞങ്ങളോർക്കുന്നു. 1974 ജൂലായ് 26, സമയം വൈകിട്ട് 6.30. സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയ ഞാൻ ഒരു കടുംചായ കുടിച്ചുകൊണ്ടിരിക്കെ തോരാമഴ പെയ്യുന്നു. ഇതിനിടയിൽ ഓടിയെത്തിയ അയൽപക്കക്കാർ ഉരുൾവെള്ളം വരുന്നുണ്ടെന്ന് വിളിച്ചുപറഞ്ഞു. പിന്നാലെ വലിയൊരു ശബ്ദവും. ഒരു മലയപ്പാടെ മറിഞ്ഞുവരുന്നതുപോലെ... മരങ്ങളും പാറക്കല്ലകളുമൊക്കെ ഒഴുകിവരികയാണ്. വൈകാതെ ഓടിമാറി. ഞൊടിയിടയിൽ വീടിന് നടുവിലൂടെ ഉരുൾവെള്ളം ഇരച്ചെത്തിയ ഭീകരനിമിഷം... അരനൂറ്റാണ്ട് മുമ്പ് 30 പേർക്ക് ജീവൻ നഷ്ടമായ അടിമാലി ഉരുൾപൊട്ടലിന്റെ ഞെട്ടിക്കുന്ന നിമിഷങ്ങൾ പാലാ ഇടപ്പാടിയിലെ നന്ദനം വീട്ടിലിരുന്ന് റിട്ട.അദ്ധ്യാപകരായ കെ.ആർ.സുകുമാരനും പി.എം.നളിനിയും ഓർത്തെടുത്തു.

അടിമാലി ആയിരമേക്കർ ഗവ.ജനതാ എൽ.പി. സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു സുകുമാരൻ സാർ. ഭാര്യ നളിനിടീച്ചർ കല്ലാർകുട്ടി ഗവ. യു.പി സ്‌കൂളിലെ അദ്ധ്യാപികയും. മകൾ ബീന അന്ന് മൂവാറ്റുപുഴയിൽ ഹോസ്റ്റലിലാണ്. ഒപ്പമുണ്ടായിരുന്ന ഒൻപത് വയസുകാരൻ

മകൻ അജിത്തുമായി നളിനി ടീച്ചർ തൊട്ടടുത്തുള്ള ആയിരമേക്കർ ഗവ.ജനതാ സ്‌കൂളിക്കാണ് ഓടിക്കയറിയത്. അന്ന് ഉടുതുണിയൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടതായി സുകുമാരൻ പറയുന്നു. താൻ പ്രഥമാദ്ധ്യാപകനായിരുന്ന ആയിരമേക്കർ സ്‌കൂളിലാണ് സുകുമാരനും കുടുംബാംഗങ്ങളും ഒരാഴ്ച കഴിച്ചുകൂട്ടിയത്.

അന്നത്തെ നേതാക്കൻമാരായ ഇ.എം.എസ്., ടി.കെ. രാമകൃഷ്ണൻ, മത്തായി മാഞ്ഞൂരാൻ, ബി. വെല്ലിംഗ്ടൺ, എം. വരദൻ എന്നിവരെല്ലാം സംഭവസ്ഥലത്തെത്തി. ഉരുളെടുത്ത വീടിന്റെ ചിത്രമെല്ലാം ഇപ്പോഴും സുകുമാരന്റെ പക്കലുണ്ട്. അന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരുന്ന മകൾ ബീന റവന്യു വകുപ്പിൽ തഹസിൽദാരായി വിരമിച്ചു. മകൻ അജിത്ത് ഇപ്പോൾ മുംബൈയിൽ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് (ടെക്‌നിക്കൽ) ആണ്.