പാലാ: ഇന്ന് കർക്കടക വാവ്, തീർത്ഥഘട്ടങ്ങളിൽ പിതൃതർപ്പണത്തിന് ഒരുക്കങ്ങളായി. ശ്രീനാരായണ ഗുരുദേവ തൃക്കൈകളാൽ വേൽപ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ 5 ന് കർക്കടക വാവുബലി ആരംഭിക്കും. മേൽശാന്തി വൈക്കം സനീഷ് ശാന്തികൾ മുഖ്യകാർമ്മികത്വം വഹിക്കും. ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പുണ്യപവിത്രവും ആനന്ദഷണ്മുഖ ഭഗവാന്റെയും മഹാവിഷ്ണുവിന്റെയും ചൈതന്യം നിറഞ്ഞുനിൽക്കുന്ന സങ്കേതവുമാണ് ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രം.
കർക്കടകവാവിനോടനുബന്ധിച്ച് പിതൃതർപ്പണത്തിനൊരുങ്ങി കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രം. ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രക്കടവിൽ ഒരുക്കിയിട്ടുള്ളത്. ക്ഷേത്രക്കടവിലെ ബലിതർപ്പണച്ചടങ്ങുകൾക്ക് കീച്ചേരിൽ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
ഏഴാച്ചേരി എസ്.എൻ.ഡി.പി. യോഗം 158ാം നമ്പർ ഏഴാച്ചേരി ശാഖാ ഗുരുമന്ദിരത്തിൽ രാവിലെ 7 മുതൽ കർക്കടക വാവുബലി ആരംഭിക്കും. ബിബിൻദാസ് ശാന്തികൾ നേതൃത്വം നൽകും.
പൂവരണി മഹാദേവക്ഷേത്രത്തിൽ രാവിലെ 4.30 മുതൽ ക്ഷേത്രക്കടവിൽ ബലി തർപ്പണം ആരംഭിക്കും. കൊടുങ്ങൂർ കാട്ടുക്കുന്നേൽ ഇല്ലത്ത് വാസദേവൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.
ദക്ഷിണകാശി ളാലം ശ്രീമഹാദേവ ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ ബലിതർപ്പണം നടക്കും. സാക്ഷാൽ കാശി വിശ്വനാഥ ക്ഷേത്രത്തിന് മുൻവശത്ത് കിഴക്ക് ഭാഗത്ത് ചുടലക്കാടും വടക്കുഭാഗത്തുകൂടി കിഴക്കോട്ട് ഗംഗയും ഒഴുകുന്നു. ഇതിനു സമാനമായി പാലം ശ്രീ മഹാദേവക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ചുടലക്കാടും വടക്കുഭാഗത്ത് കൂടി കിഴക്കോട്ട് നദിയും ഒഴുകുന്നു. അതിനാൽ തന്നെ ദക്ഷിണകാശി ളാലം ശ്രീ മഹാദേവക്ഷേത്രക്കടവിൽ പിതൃതർപ്പണം ചെയ്യുന്നത് കാശിയിൽ പിതൃതർപ്പണം ചെയ്യുന്നതിന് തുല്യമായിട്ടാണ് കാലമിതുവരെയും പരിഗണിച്ച് വരുന്നത്. കുന്നപ്പള്ളി ഇല്ലത്ത് കൃഷ്ണകുമാർ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
പിഴക് എസ്.എൻ.ഡി.പി. യോഗം പിഴക് ശാഖാ ഗുരുദേവക്ഷേത്രത്തിൽ രാവിലെ 6 മുതൽ പിതൃബലി തർപ്പണം നടക്കും. ശിവരാമൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിക്കും. നമസ്‌കാരം, കൂട്ടനമസ്‌കാരം എന്നിവയുമുണ്ട്.
ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ പിതൃപൂജ, തിലഹോമം, മൃത്യുഞ്ജയ ഹോമം, നമസ്‌കാരമൂട്ട്, നവഗ്രഹ പൂജ എന്നിവ നടക്കും. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
പയപ്പാർ ശ്രീധർമ്മശാസ്താക്ഷേത്ര കടവിൽ വിശ്വഹിന്ദു പരിഷത്ത് മീനച്ചിൽ സമിതിയുടെ ആഭിമുഖ്യത്തിൽ ബലിതർപ്പണം രാവിലെ 6 മുതൽ 9 വരെ നടക്കും. സമൂഹ ബലിയായി നടക്കുന്ന കർമ്മത്തിൽ കലാക്ഷേത്ര സി.ഡി. നാരായണൻ മുഖ്യകാർമികത്വം വഹിക്കും.
കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ പിതൃതർപ്പണം ആരംഭിക്കും. നമസ്‌കാരം, കൂട്ടനമസ്‌കാരം, തിലഹവനം, സുബ്രഹ്മണ്യപൂജ, ഗുരുപൂജ, പഞ്ചാമൃതം, നെയ്‌വിളക്ക് എന്നിവയുമുണ്ട്. സന്ദീപ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.
കൊടുമ്പിടി വിശ്രാന്തിനികേതനിൽ രാവിലെ 6.30 മുതൽ കർക്കടകവാവുബലി നടത്തും. കെ.ആർ. ഗോപിശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.