പാലാ: വിദ്യാലയ പരിസരങ്ങളിൽ നിന്നും ലഹരി മാഫിയയെ തുരത്തണമെന്ന് പാലാ ബിഷപ്‌സ് ഹൗസിൽ നടന്ന പി.ടി.എ. പ്രസിഡന്റുമാരുടെ സമ്മേളനം ആവശ്യപ്പെട്ടു. അനധികൃത ലഹരി കടത്തും വിപണനവും തടയുന്നതിൽ എക്‌സൈസ്,പൊലീസ്, ഫോറസ്റ്റ്,റവന്യു സംവിധാനങ്ങൾ നിസംഗത പാലിക്കുകയാണെന്നും ശക്തമായ നടപടി ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പി.ടി.എ കമ്മിറ്റികൾ ലഹരിക്കെതിരെ വിജിലൻസ് സെല്ലായി പ്രവർത്തിക്കണമെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. നമ്മുടെ കുട്ടികൾ കൈവിട്ട് പോകരുത്. സ്‌കൂളിന്റെ ഒരു വലിയ സംരക്ഷണ സമിതികൂടിയാണ് പി.ടി.എ. എവിടെയൊക്കെ പി.ടി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ അവിടെയൊക്കെ ഏറ്റവും മികച്ച നിലയിൽ സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ പി.ടി.എയുടെ ഉത്തരവാദിത്വം വളരെ വലുതാണ്. കുട്ടികളുടെ കരുതലും കാവൽക്കാരുമായിരിക്കുന്നതിൽ പി.ടി.എയ്ക്കും പ്രസിഡന്റുമാർക്കും മുഖ്യപങ്കുണ്ട്. സമൂഹത്തെ നശിപ്പിക്കുന്ന ലഹരിക്കെതിരെ ഒരു ഒത്തുതീർപ്പും പാടില്ലായെന്നും ബിഷപ് പറഞ്ഞു.
ലഹരി വസ്തുക്കളുടെ വിപണനവും സ്വാധീനവും ഉപയോഗവും അനിയന്ത്രിതമായവിധം വിദ്യാലയ പരിസരങ്ങളിൽ വ്യാപിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പാലാ രൂപത മുൻകൈ എടുത്ത് പി.ടി.എ. പ്രസിഡന്റുമാരുടെ അടിയന്തര സമ്മേളനം വിളിച്ചുചേർത്തത്.
വയനാട് ദുരന്തത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പ്രവർത്തന പദ്ധതികളും പ്രമേയവും അവതരിപ്പിച്ചു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സന്ദേശം നൽകുകയും ചെയ്തു. രൂപത എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. ജോർജ്ജ് പുല്ലുകാലായിൽ, ടെമ്പറൻസ് കമ്മീഷൻ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. തോമസ് പുതുപ്പറമ്പിൽ, ആന്റണി മാത്യു, ജോസ് കവിയിൽ എന്നിവർ പ്രസംഗിച്ചു.